ശ്രീനഗർ : ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താൻ അയൽരാജ്യമായ പാകിസ്താൻ ശ്രമിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . പാക് അധീന കശ്മീർ ഇല്ലാതെ ജമ്മു കശ്മീർ അപൂർണമാണ്. ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യൻ സർക്കാരുമായി കൂടുതൽ അടുപ്പിക്കുന്നതിൽ അവിടുത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പതാമത് സായുധ സേനാ വെറ്ററൻസ് ദിനത്തോട് അനുബന്ധിച്ച് ജമ്മു-കശ്മിരിലെ അഖ്നൂർ സെക്ടറിനടുത്തുള്ള ടൻഡ ആർട്ടിലെറി ബ്രിഗേഡിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടുള്ള സർക്കാരുകൾ ജമ്മു കശ്മീരിനെ വ്യത്യസ്തമായ രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത് . അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനമായ ഡൽഹിയുമായി ഉണ്ടായിരിക്കേണ്ട ബന്ധം ഇവിടുത്തെ സഹോദരി സഹോദരങ്ങൾക്ക് ലഭിക്കാതെ പോയി . ഇനിയും അത് സംഭവിക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയെയും കശ്മീരിനെയും കേന്ദ്രസർക്കാർ ഒരുപോലയാണ് പരിഗണിക്കുന്നത് എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജമ്മുവിലെ അഖ്നൂർ അതിർത്തി പ്രദേശത്തുള്ള പൈതൃക മ്യൂസിയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം 108 അടി വലിപ്പമുള്ള ദേശീയ പതാകയും ഉയർത്തി. ഡൽഹിയെ പോലെ തന്നെയാണ് കശ്മീരിനെയും കേന്ദ്രസർക്കാർ പരിഗണിക്കുന്നത് എന്നതിന് തെളിവാണ് അഖ്നൂരിലെ വെറ്ററൻസിന്റെ സാന്നിധ്യം തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമ്മുവിലെത്തിയ രാജ്നാഥ് സിംഗിനെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനൊപ്പം (സിഡിഎസ്) ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
Leave a Comment