മലപ്പുറം: കൊണ്ടോട്ടിയിൽ ഭർതൃവീട്ടുകാരുടെ അവഹേളനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആണ് മരിച്ചത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൾ വാഹിദിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ ബന്ധുക്കൾ പരാതി നൽകി. നിറം കുറഞ്ഞുപോയെന്ന് പറഞ്ഞുള്ള ഭർതൃവീട്ടുകാരുടെ അവഹേളനത്തിൽ മനംനൊന്താണ് ആത്മഹത്യ.
ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ദീർഘനേരമായി കിടപ്പുമുറി തുറന്ന് ഷഹാന പുറത്തേക്ക് വരാത്തതിനെ തുടർന്ന് വീട്ടുകാർ തുറന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയിൽ ഷഹാനയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇരുണ്ട നിറമാണ് ഷഹാനയ്ക്ക്. ഇതും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് വിവാഹ ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അബ്ദുൾ വാഹിദ് അടുത്തിടെ പറഞ്ഞിരുന്നു. ഇതേ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു പെൺകുട്ടി എന്നാണ് വിവരം.
കഴിഞ്ഞ വർഷം മെയ് ഏഴിന് ആയിരുന്നു പെൺകുട്ടിയും അബ്ദുൾ വാഹിദുമായുള്ള വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന അബ്ദുൾ വാഹിദ് 20 ദിവസം പെൺകുട്ടിയ്‌ക്കൊപ്പം കഴിഞ്ഞ ശേഷം തിരികെ മടങ്ങുകയായിരുന്നു. ഇവിടെ എത്തിയ ഇയാൾ പെൺകുട്ടിയോട് അകൽച്ച കാണിക്കാൻ ആരംഭിച്ചു. ഇത് കുട്ടിയെ മാനസികമായി ഒരുപാട് ബാധിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കൾ നൽകുന്ന മൊഴി.
ബിരുദ വിദ്യാർത്ഥിയാണ് ഷഹാന. പെൺകുട്ടിയുടെ പഠനനിലവാരം പിന്നിൽ ആയതിനെ തുടർന്ന് അദ്ധ്യാപകരും സുഹൃത്തുക്കളും ഇതേക്കുറിച്ച് ആരാഞ്ഞിരുന്നു. അപ്പോൾ സുഹൃത്തുക്കളോട് കുട്ടി താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പറഞ്ഞത്.
Discussion about this post