വീട്ടുകാവലിന് നല്ലൊരു നായയുണ്ടെങ്കിൽ കള്ളന്മാരെ ഒന്നും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാൻ കഴിയുന്നതാണ്. മനുഷ്യന്റെ നല്ല സുഹൃത്തുക്കൾ കൂടിയായ നായകൾ എന്ത് വിലകൊടുത്തും തന്റെ ഉടമസ്ഥരെ രക്ഷിക്കുന്നതിൽ കൂടി മിടുക്കരാണ്. എന്നാൽ ഇതിനോടൊപ്പം വീട്ടിലുള്ളത് ലോകത്തിലെ തന്നെ ഏറ്റവും വലിയ നായ്ക്കളിൽ ഒന്നാണെങ്കിലോ. വലിപ്പം കണ്ടാൽ തന്നെ ഏത് കള്ളന്റെയും ബോധം പോകുന്ന ചില നായ ബ്രീഡുകൾ ഉണ്ട് ഈ ലോകത്ത്.
ഇംഗ്ലീഷ് മാസ്റ്റിഫ്
27 മുതൽ 32 ഇഞ്ച് വരെ ഉയരവും 68 മുതൽ 110 കിലോയോളമോ അല്ലെങ്കിൽ അതിൽ കൂടുതലോ ഭാരവും ഉള്ളവരാണ് ഇംഗ്ലീഷ് മാസ്റ്റിഫ് നായകൾ. ശരീരഭാരം കണക്കിലെടുത്താൽ ലോകത്തിലെ ഏറ്റവും വലിയ നായ ഇനമാണ് ഇവർ. പുരാതനകാലത്ത് റോമാക്കാർ ഗ്ലാഡിയേറ്റർ പോരാട്ടങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്ന നായ്ക്കലാണ് ഇവർ. വളരെ ബുദ്ധിശക്തിയുള്ളവരും മികച്ച കാവൽ നായകളുമായ ഇവർ അധികം കുരയ്ക്കാത്ത ഇനം ആണെങ്കിലും ഭീഷണികൾ കൃത്യമായും സൂക്ഷ്മമായും മനസ്സിലാക്കുന്നവരാണ്.
നെപ്പോളിയൻ മാസ്റ്റിഫ്
26 മുതൽ 30 ഇഞ്ച് വരെ ഉയരവും 54 മുതൽ 91 കിലോ വരെ ഭാരവും ഉണ്ടാകുന്നവരാണ് നെപ്പോളിയൻ മാസ്റ്റിഫുകൾ. ഇറ്റലിയാണ് ഇവരുടെ ജന്മദേശം. റോമാക്കാർ ഒരിക്കൽ ഈ ഇനത്തെ യുദ്ധ നായ്ക്കളായി ഉപയോഗിച്ചിരുന്നു. മികച്ച കാവൽ നായ്ക്കൾ ആണെങ്കിലും തുടക്കക്കാർക്ക് എളുപ്പത്തിൽ മെരുക്കാൻ കഴിയാത്ത ഇനം ആയതിനാൽ നല്ല പരിശീലനം ആവശ്യമുള്ള നായ ബ്രീഡാണ് നെപ്പോളിയൻ മാസ്റ്റിഫുകൾ.
ഗ്രേറ്റ് ഡെയ്ൻ
മൂന്നടിയോ അതിൽ കൂടുതലോ ഉയരവും 90 കിലോയോളം വരെ ഭാരവും ഉള്ളവരാണ് ഗ്രേറ്റ് ഡെയ്ൻ നായകൾ. ഗ്രേറ്റ് ഡെയ്നുകളെ യഥാർത്ഥത്തിൽ വേട്ടയാടുന്ന നായ്ക്കളായാണ് വികസിപ്പിച്ചെടുത്തത്. മറ്റ് ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രേറ്റ് ഡെയ്നുകൾ അതിവേഗം വളർച്ച പ്രാപിക്കുന്നവരാണ്. ഭീമകാരമായ വലിപ്പം ഉണ്ടെങ്കിലും സൗമ്യശീലരായ നായ്ക്കൾ ആണ് ഗ്രേറ്റ് ഡെയ്നുകൾ. നല്ല കാവൽ നായ്ക്കളും വീടിനകത്ത് തന്നെ വളർത്താൻ പറ്റിയ ഇനവും ആണ് ഗ്രേറ്റ് ഡെയ്നുകൾ.
Leave a Comment