ഓസ്‌ട്രേലിയക്കും ന്യൂസിലന്റിനും എതിരായ പരമ്പരയിലെ തോൽവിയോടെ നിലപാട് കടുപ്പിക്കുകയാണ് ബിസിസിഐ. മുതിർന്ന താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമായും കളിക്കണമെന്ന് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. എന്തായാലും ബിസിസിഐയുടെ നിലപാട് ഫലം കാണുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ജനുവരി പകുതിയോടെ തുടങ്ങുന്ന രണ്ടാം ഘട്ട രഞ്ജി മല്‌സരങ്ങളിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും അടക്കമുള്ള മുതിർന്ന താരങ്ങളും കളിച്ചേക്കുമെന്നാണ് സൂചന.
ജമ്മു കശ്മീരിനെതിരെയുള്ള മല്‌സരത്തിനായി തയ്യാറെടുക്കുന്ന മുംബൈ ടീമിനൊപ്പം രോഹിത് ശർമ്മ കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്റ്റിൽ ദയനീയ പ്രകടനമായിരുന്നു രോഹിതിന്റേത്. ഓസ്‌ട്രേലിയൻ പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി വെറും 31 റൺസ് മാത്രമാണ് രോഹിത് നേടിയത്. മോശം ഫോമിനെ തുടർന്ന് അവസാന ടെസ്റ്റിൽ നിന്ന് സ്വയം വിട്ട് നില്ക്കുകയും ചെയ്തു. ഇതേ തുടർന്ന് വിമർശനങ്ങളുയരുമ്പോഴാണ് രോഹിത് മുംബൈയ്ക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുന്നത്. 2015 നവംബറിലായിരുന്നു രോഹിത് അവസാനമായി മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ചത്.
വിരാട് കോഹ്ലിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 2012 നവംബറിന് ശേഷം കോഹ്ലി രഞ്ജി ട്രോഫി കളിച്ചിട്ടില്ല. ടെസ്റ്റിലെ പ്രകടനമാകട്ടെ, പഴയ മികവിന്റെ നിഴൽ മാത്രമായി ചുരുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിൽ കോഹ്ലിയും രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. കോഹ്ലിയെയും ഋഷഭ് പന്തിനെയും ഉൾപ്പെടുത്തിയാണ് ഡൽഹി സാധ്യത ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. ഋഷഭ് പന്ത് രഞ്ജിയിൽ കളിക്കാനൊരുക്കമെന്ന് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. എന്നാൽ കോഹ്ലി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ വ്യക്തമാക്കിയത്. ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കോഹ്ലി കൌണ്ടി മല്‌സരങ്ങൾ കളിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പഞ്ചാബിന് വേണ്ടി ശുഭ്മാൻ ഗില്ലും രഞ്ജി ട്രോഫി കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post