ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്ക്ക് പുറമേ കരസേനയിലേയും ഉന്നതസ്ഥാനത്തേക്ക് പുതിയ നിയമനം നടത്തുമ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ ചരിത്രത്തിൽ ആദ്യമായി സഹപാഠികളും സുഹൃത്തുക്കളും ആയിരുന്ന രണ്ടുപേർ രണ്ട് സേനകളുടെ തലപ്പത്തേക്ക് എത്തുകയാണ്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠിയും നിയുക്ത ആർമി ചീഫ് ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും ആണ് ഇങ്ങനെ ഒരു പുതുചരിത്രം കുറിച്ചിരിക്കുന്നത്. 1970-കളുടെ തുടക്കത്തിൽ മധ്യപ്രദേശിലെ രേവ സൈനിക് സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കളാണ് ഇരുവരും.
മെയ് ഒന്നിനായിരുന്നു അഡ്മിറൽ ദിനേശ് ത്രിപാഠി ഇന്ത്യൻ നാവികസേനയുടെ കമാൻഡറായി ചുമതലയേറ്റിരുന്നത്. ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി നാളെ കരസേന ചീഫ് ആയി ചുമതല ഏറ്റെടുക്കും. സൈനിക മേഖലയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ശക്തമായ സൗഹൃദം സേനകൾ തമ്മിലുള്ള പ്രവർത്തന ബന്ധം ശക്തിപ്പെടുത്തുമെന്നാണ് ഈ സഹപാഠികളുടെ നിയമനത്തോടെ പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
കിഴക്കൻ ലഡാക്കിലെ എൽഎസിയിലെ സൈനിക പ്രവർത്തനങ്ങളിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 1964 ജൂലൈ 1 ന് ജനിച്ച ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി 1984 ൽ ഇന്ത്യൻ ആർമിയുടെ ജമ്മു & കശ്മീർ റൈഫിൾസിൽ കമ്മീഷൻ ചെയ്തുകൊണ്ടാണ് സൈനികജീവിതം ആരംഭിക്കുന്നത്.
1964 മെയ് 15 ന് ജനിച്ച അഡ്മിറൽ ദിനേശ് ത്രിപാഠി 1985 ലാണ് ഇന്ത്യൻ നേവിയുടെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലേക്ക് എത്തിച്ചേരുന്നത്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്‌ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റാണ് ദിനേശ് ത്രിപാഠി. ഏകദേശം 39 വർഷത്തോളം നീണ്ട വിശിഷ്ട സേവനത്തിന് ശേഷമാണ് അദ്ദേഹം നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. നേരത്തെ വെസ്റ്റേൺ നേവൽ കമാൻഡിലെ ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post