വരുമാനത്തിന്റെ 33 ശതമാനവും ചിലവിടുന്നത് കടംതീർക്കാൻ; പണക്കാർ പണമുണ്ടാക്കാൻ കടം വാങ്ങുമ്പോൾ സാധാരണക്കാർ….

Published by
Brave India Desk

ജീവിതം ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവരായിരിക്കും നമ്മളിൽ പലരും അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളവർ. ജീവിതം മുന്നോട്ട് വയ്ക്കുന്ന പലആവശ്യങ്ങളും നിറവേറ്റാൻ ചിലപ്പോൾ പണം തികഞ്ഞെന്നുവരില്ല. അപ്പോൾ സ്വീകരിക്കുന്ന മാർഗമാണ് കടം വാങ്ങൽ. ഭവനവായ്പ മുതൽ സ്വർണവായ്പവരെ ഇന്ന് ലഭ്യമാണ്. ഉള്ളവനും ഇല്ലാത്തവനും താത്ക്കാലിക ആശ്വാസത്തിനായി കടത്തിന്റെ സഹായം തേടുന്നു.

ഇപ്പോഴിതാ വായ്പ സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു പഠനം വന്നിരിക്കുകയാണ്. ഇന്ത്യയിലൊട്ടാകെ മൂന്ന് ലക്ഷത്തോളം പേരിൽ നടത്തിയ സർവ്വേഫലമാണ് എന്തിനും ഏതിനും കടം വാങ്ങുന്ന പ്രവണത അത്രനല്ലതല്ലെന്ന് ഓർമ്മപ്പെടുത്തുന്നത്. പഠനപ്രകാരം ഇന്ത്യയിലെ ഒരു ശമ്പളക്കാരൻ അല്ലെങ്കിൽ വരുമാനസ്രോതസ് ആയ ആൾ തന്നിലേക്ക് എത്തിച്ചേരുന്ന പണത്തിന്റെ 33 ശതമാനത്തിലധികവും വായ്പാ തിരിച്ചടവിനാണ് ഉപയോഗിക്കുന്നത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സാണ് പഠനത്തിന് പിന്നിൽ.

ഇടത്തരം, ഉയർന്ന വരുമാനക്കാരാണ് ഇത്തരത്തിൽ കൂടുതലായി വായ്പകളെ ആശ്രയിക്കുന്നതെന്നും ‘ഇന്ത്യ എപ്രകാരം ചെലവഴിക്കുന്നു’ എന്ന റിപ്പോർട്ടിൽ വിശദമാക്കുന്നു. സുഹൃത്തുക്കൾ, ബന്ധുക്കൾ, പ്രാദേശിക വായ്പാ ദാതാക്കൾ എന്നിവരെയാകാം താഴ്ന്ന വരുമാനക്കാരിലേറെയും വായ്പക്കായി സമീപിക്കുന്നത്. താഴ്ന്ന വരുമാനക്കാരിൽ ഭൂരിഭാഗവും കൂടുതൽ തുക മാറ്റിവയ്ക്കുന്നത് ആവശ്യവസ്തുക്കൾ വാങ്ങാനും കടം വീട്ടാനുമാണ്. ഉയർന്ന വരുമാനക്കാരാകട്ടെ കൂടുതൽ തുക മാറ്റിവയ്ക്കുന്നത് വിനോദം, വസ്ത്രം തുടങ്ങിയ കാര്യങ്ങൾക്കാണ്. അവശ്യ വസ്തുക്കൾക്കായി വരുമാനത്തിന്റെ 32 ശതമാനവും ഓൺലൈൻ ഗെയിംപോലുള്ള ചൂതാട്ടങ്ങൾക്കും ലൈഫ്സ്‌റ്റൈൽ ഷോപ്പിങുകൾക്കുമായി 29 ശതമാനവും ഇവർ ചെലവഴിക്കുന്നു. വായ്പാ തിരിച്ചടവ് പോലുള്ള നിർബന്ധിത ആവശ്യങ്ങൾക്കായി 39 ശതമാനം തുകയും നീക്കവെയ്ക്കുന്നു.

വായ്പാ തിരിച്ചടവും ഇൻഷുറൻസ് പ്രീമിയവുമൊക്കെയുമാണ് നിർബന്ധിത ചെലവുകളിൽ ഉൾപ്പെടുന്നത്. ഓൺലൈൻ ഗെയിം, അവധിക്കാലയാത്ര, പുറത്തുനിന്നുള്ള ഭക്ഷണം, വിനോദം, വസ്ത്രം തുടങ്ങിയവയാണ് വിവേചന ചെലവുകളിൽ ഉൾപ്പെടുന്നത്. പലചരക്ക്, ഇന്ധനം, മരുന്ന്, വൈദ്യുതി, വെള്ളം, പാചക വാതകം തുടങ്ങിയവയാണ് അവശ്യവസ്തു വിഭാഗത്തിലുമുള്ളത്. ഇന്ത്യക്കാരുടെ ജീവിതശൈലി മാറിയതും കടവും മറ്റ് ചെലവുകളും കൂടിയതിന് കാരണമായിട്ടുണ്ട്. വരുമാനം കൂടുന്നതിന് ആനുപാതികമായിട്ടല്ല പല കുടുംബങ്ങളുടെയും കടം വർധിക്കുന്നതെന്ന് സർവേ അടിവരയിടുന്നു. ശമ്പളത്തിൽ ആറുവർഷത്തിനിടെ ഉണ്ടായ വർധന 9.1 ശതമാനമാണ്. വ്യക്തിഗത വായ്പകളിലെ വാർഷിക വർധന 13.7 ശതമാനമാണ്. കടബാധ്യത കൂടുന്നത് കുടുംബങ്ങളുടെ സാമ്പത്തികഭദ്രതയെ ബാധിക്കുന്നുവെന്നും സർവേ പറയുന്നു.

Share
Leave a Comment

Recent News