ന്യൂഡൽഹി : മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമിച്ചു. ചുമതല ഏറ്റെടുക്കുന്ന ദിവസം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിയമനം നടത്തിയിട്ടുള്ളത് എന്ന് പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻസ് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുതിയ ദിശയിൽ നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ശക്തികാന്ത ദാസ്. ആർബിഐ ഗവർണർ കൂടാതെ മറ്റു നിരവധി പ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഐഎംഎഫ്, ജി 20, ബ്രിക്‌സ്, സാർക്ക് തുടങ്ങിയ നിരവധി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തിത്വമാണ് ശക്തികാന്ത ദാസ്. നേരത്തെ ധനകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (ഐഎഎസ്) മുതിർന്ന ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് രാജ്യത്തെ സാമ്പത്തിക വിദഗ്ധരിൽ പ്രധാനിയാണ്. 2018 ഡിസംബറിൽ ആയിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 25-ാമത് ഗവർണറായി അദ്ദേഹം നിയമിതനായിരുന്നത്.
1957 ഫെബ്രുവരി 26 ന് ഒഡീഷയിലെ ഭുവനേശ്വറിൽ ആയിരുന്നു ശക്തികാന്ത ദാസ് ജനിച്ചത്. ഐഎഎസ് 1980 ബാച്ച് തമിഴ്നാട് കേഡർ ഉദ്യോഗസ്ഥനാണ്. തമിഴ്‌നാട് സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പ്രോജക്ട് ഡയറക്ടർ, തമിഴ്‌നാട് ഗവൺമെന്റിൽ ദിണ്ടിഗൽ, കാഞ്ചീപുരം ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റ് , കളക്ടർ എന്നീ പദവികളും ആദ്യകാലത്ത് അദ്ദേഹം വഹിച്ചിരുന്നു. പിന്നീട് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി , കേന്ദ്ര റവന്യൂ സെക്രട്ടറി , കേന്ദ്ര വളപ്രയോഗ സെക്രട്ടറി , ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സ്‌പെഷ്യൽ സെക്രട്ടറി , ഇന്ത്യൻ ഗവൺമെന്റിൽ ധനകാര്യ മന്ത്രാലയത്തിന്റെ ചെലവ് വകുപ്പിൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഐഎഎസിൽ നിന്ന് വിരമിച്ച ശേഷം, ദാസിനെ എസിസി പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ അംഗമായി നിയമിച്ചു. റിസർവ് ബാങ്ക് ഗവർണറായി നിയമിതനായതിനു ശേഷം ബാങ്കിംഗ് സംവിധാനത്തെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ലണ്ടൻ ആസ്ഥാനമായുള്ള ദി ബാങ്കർ മാസികയുടെ ‘സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ, ഏഷ്യ-പസഫിക് 2020’ പുരസ്കാരവും ശക്തികാന്ത ദാസിന് ലഭിച്ചിരുന്നു.
Discussion about this post