കുംഭമേളയ്ക്ക് പോയിരുന്നുവെന്നും, എന്നാൽ ചൊറി പിടിയ്ക്കുമോയെന്ന് കരുതി ത്രിവേണിയിൽ സ്‌നാനം ചെയ്തില്ലെന്നുമുള്ള ഫുട്‌ബോൾ താരം സി.കെ വിനീതിൻറെ പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാദ്ധ്യമം ചർച്ചചെയ്യുന്നത്.മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു വിനീതിന്റെ പരാമർശം.
കുംഭമേളയ്ക്ക് മതിയായ സൗകര്യങ്ങൾ ഒന്നും സർക്കാർ ഒരുക്കിയിരുന്നില്ല. കുംഭമേള എത്ര വലിയ സംഭവം അല്ലെന്നും വിനീത് പറഞ്ഞു. കുംഭമേള എന്തോ വലിയ സംഭവം ആണെന്ന് കരുതിയാണ് പ്രയാഗ് രാജിലേക്ക് പോയത്. എന്നാൽ പോയപ്പോൾ അത്ര വലിയ സംഭവം ഒന്നും അല്ലെന്ന് വ്യക്തമായി. വളരെ വൃത്തികെട്ട വെള്ളം ആണ് അവിടെ ഉള്ളത്. ഈ വെള്ളത്തിലാണ് ആളുകൾ കുളിക്കുന്നത്. ഇത്രയും വൃത്തികെട്ട വെള്ളത്തിൽ കുളിക്കാൻ താത്പര്യം ഇല്ല. ചൊറിവന്നിട്ട് തിരിച്ചുവരാനും താത്പര്യം ഇല്ല. അതുകൊണ്ടാണ് കുളിക്കാതിരുന്നതെന്നായിരുന്നു സി.കെ വിനീതിൻറെ പ്രസ്താവന.
വിശ്വാസികൾ സമൂഹമാദ്ധ്യമങ്ങളിൽ തന്നെ ശക്തമായ പ്രതികരണം അറിയിക്കുന്നുണ്ട്. വിഷയത്തിൽ അദ്ധ്യാപകനായ ആര്യലാൽ എഴുതിയ ഒരു പ്രതികരണം ശ്രദ്ധേയമായി.ഭേദഭാവനകളുടെ,പാപബോധത്തിൻ്റെ വിവിധ കറകളെ ഗംഗ അഭേദബോധമായി തഴുകി കഴുകി വിശുദ്ധമാക്കുന്നു. കഴുകിയൊഴിഞ്ഞ മാലിന്യമാണ് കുംഭമേളയെ വിശുദ്ധമാക്കുന്നത്. ശരീരത്തിൻ്റെ മാത്രമല്ല ആത്മാവിൻ്റെയും സ്നാനഘട്ടമാണ് ഗംഗയെന്നും ആര്യലാൽ ഫേസ്ബുക്കിൽ കുറിക്കുന്നു. ചൊറി ഭയമില്ലാത്ത അറുപത്തിയഞ്ചു കോടി വിശ്വാസികൾ കുളിക്കുന്നിടത്ത് ഈ അല്പൻമാർ കുളിച്ചില്ലെങ്കിൽ എന്താണ്? എന്ന ചോദ്യവും കുറിപ്പിൽ ശ്രദ്ധേയമാവുന്നു.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണരൂപം;
“ഞാൻ മൂന്നു ദിവസം കഴിഞ്ഞു വരും നീ കുളിക്കരുത്!” യുദ്ധക്കളത്തിൽ നിന്നും മുസ്ലോളിനി ഭാര്യയ്ക്ക് അയച്ച കത്തിൽ പറഞ്ഞതാണിത്. മുസ്സോളിനിക്കു മാത്രമല്ല മറ്റു ചിലർക്കും കുളിക്കുന്നതിഷ്ടമല്ല! പ്രാർത്ഥിക്കാൻ മാത്രമല്ല,ഓരോരുത്തർക്ക് ഓരോന്നിനും ഓരോ കാരണങ്ങളാണ്.
‘പട്ടി ചന്തയ്ക്കു പോയി’ എന്ന ശൈലിക്ക് ഇപ്പോഴും ജീവിച്ചിരിക്കാൻ യോഗ്യതയുണ്ട്! പട്ടി ചന്തയ്ക്കു പോവുക മാത്രമല്ല, തിരിച്ചു വന്നിട്ട് ‘മാതൃഭോഗി’യുടെ പടിക്കൽ ചെന്നു കുരയ്ക്കുകയും ചെയ്തിരിക്കുന്നു.! “കുംഭമേളയിൽ കുളിക്കുന്നവർക്ക് ചൊറി വരും” എന്നാണ് ആക്ഷേപം. ചൊറി തന്നെയാണ് വിഷയം; പക്ഷെ അത് മനസ്സിൽ പിടിച്ചു പുണ്ണായിരിക്കുന്നു. ആ പുഴുത്ത പുണ്ണു പൊട്ടിയൊലിച്ചതാണ് കണ്ടതും കേട്ടതും. പറഞ്ഞപോലെ, കുളിക്കാനല്ലാതെ കുളി കാണാനാണ് പോയതെങ്കിൽ ‘ആലപ്പുഴയിലെപ്പോലെ കുളിമുറിയിൽ ഒരു ക്യാമറ’ വച്ചാലും മതിയായിരുന്നു !
വിഷജലം കുടിച്ചും വിഷവാതകം ശ്വസിച്ചും മീനുകൾ ചത്തു പൊങ്ങിയത് ചാലിയാറിലും പെരിയാറിലും അഷ്ടമുടിയിലുമാണ്. ‘ഗംഗയിലെ കടുവകൾ’ ഭീഷണികൾക്കിടയിലും അവിടെയുണ്ട്. ‘ചൊറി ഭയം’ പരത്തുമ്പോൾ കല്ലാറും കരമനയാറും ആമയിഴഞ്ചാനും കിടക്കുന്ന കിടപ്പോർക്കണം. സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് അന്യൻ്റെ കരടെടുക്കുന്നതാണ് നല്ലത്. അറുപതിൽ പരം കോടി മനുഷ്യർ കുളിച്ചുകയറിയ വെള്ളം ചെളി കലങ്ങിയതായിരിക്കും. ‘കരി കലക്കിയതിലും കളഭം കലക്കിയതിലും’ തുല്യം കരുതി കുളിച്ചു ശീലമുള്ളർ കുളിച്ചു കൊള്ളട്ടെ. വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നെടുത്ത കൈക്കുടന്ന വെള്ളത്തെ നാലക്ഷരം കൊണ്ട് വിശുദ്ധ ഗംഗാ തീർത്ഥമാക്കുന്ന ഭാവാത്മകതയോടാണ് മിനറൽവാട്ടറിൽ മാത്രം കുളിക്കുന്ന അല്പൻ സാക്ഷാൽ ഗംഗയെ അപഹസിക്കുന്നത്.
ഒരേ വെള്ളത്തിൽ മുങ്ങിമരിക്കുമ്പോഴും കൂടെയുള്ള ശൂദ്രനോട് “കലക്കി കുടിയെടാ” എന്നാക്രോശിച്ചു എന്ന ഹെജിമണിയായിരുന്നു ഇത്രനാളും അക്ഷരസദസ്സുകളിലെ ആക്ഷേപം. ഇപ്പോഴത് കുംഭമേളയിലെ ഉച്ചനീചത്വമറ്റ മുങ്ങിക്കുളിയെ കലക്കവെള്ളം നോക്കി ആക്ഷേപിക്കുന്നു. ആ കലക്കവെള്ളമാണ് അവിടെയതിനെ ‘വിശുദ്ധ സ്നാന’മാക്കുന്നത്. ഭേദഭാവനകളുടെ,പാപബോധത്തിൻ്റെ വിവിധ കറകളെ ഗംഗ അഭേദബോധമായി തഴുകി കഴുകി വിശുദ്ധമാക്കുന്നു. കഴുകിയൊഴിഞ്ഞ മാലിന്യമാണ് കുംഭമേളയെ വിശുദ്ധമാക്കുന്നത്. ശരീരത്തിൻ്റെ മാത്രമല്ല ആത്മാവിൻ്റെയും സ്നാനഘട്ടമാണ് ഗംഗ .
ചിലർക്ക് വലിയ സങ്കടങ്ങളുടെ കാലമാണ് കടന്നുപോകുന്നത്. നാല്പത് കോടി ഗംഗാസ്നാനം എന്നത് അമ്പത് കടന്ന് അറുപത്തിയഞ്ചിലേക്ക് പോകുന്നു. സംഖ്യ മാത്രമല്ല സങ്കടവും കൂടിയാണ് ഏറിയേറിപ്പോകുന്നത്. വിശ്വാസവും ദേശാഭിമാനവും തൊലിപ്പുറത്തല്ലാത്ത, ചൊറി ഭയമില്ലാത്ത അറുപത്തിയഞ്ചു കോടി വിശ്വാസികൾ കുളിക്കുന്നിടത്ത് ഈ അല്പൻമാർ കുളിച്ചില്ലെങ്കിൽ എന്താണ്? നിങ്ങളില്ലെങ്കിൽ നിങ്ങളെക്കൂടാതെ രാജ്യം മുന്നോട്ടു പോവുകയാണ്. അത് കുളിക്കടവുകളിലെ കണക്കെടുപ്പിൽ മാത്രമല്ല ദേശീയഗാനത്തെ ഇരുന്നു പരിഹസിച്ച അതേ തീയറ്ററുകളിൽ നിന്നാണ് ആബാലവൃദ്ധം മറാത്തയുടെ സ്വരാജ്യ വൈഭവം കണ്ട് വിജയ വൈഖരി മുഴക്കിത്തുടങ്ങിയിരിക്കുന്നത്. ചരിത്രം ഉറങ്ങുന്ന രാജ്യമായിരുന്നു ഇത്. ഇപ്പോൾ ചരിത്രം ഉണരുന്ന രാജ്യവും! ദേശീയവും അന്തർദേശീയവുമായി തിസ്കരിക്കപ്പെട്ടിടങ്ങളിൽ നിന്നാണ് സ്വീകരണങ്ങളുടെ ഹൃദയഭേരികൾ മുഴങ്ങുന്നത്.
കുംഭമേളയല്ല,എന്തായാലും കുളിക്കരുത്…. മുസ്സോളിനിയെപ്പോലെ ചില ഭാര്യമാർക്കും അതായിരിക്കും ഇഷ്ടം. !
Leave a Comment