ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ഉത്സവമായ കുംഭമേള അവസാന നാളുകളിലേക്ക് കടന്നിരിക്കുകയാണ്. 60 കോടിയിലധികം ആളുകളാണ് ശിവരാത്രിയോട് കൂടി പര്യവസാനിക്കുന്ന കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണിയിൽ സ്‌നാനം ചെയ്തത്.എന്നാൽ അവസാന നാളുകളിൽ കുംഭമേളയെ ഇകഴ്ത്തിക്കാണിക്കുന്നതിനുള്ള ശ്രമങ്ങളും തകൃതിയാണ്. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ഫുട്‌ബോൾ താരം സി. കെ വിനീത് നടത്തിയ പരാമർശം. എന്നാൽ ഇതിൽ ശക്തമായ രോഷം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് ഹൈന്ദവ വിശ്വാസികൾ.
ത്രിവേണിയിൽ സ്‌നാനം ചെയ്താൽ ചൊറി പിടിയ്ക്കുമെന്നും ഇത് ഭയന്ന് കുളിക്കാൻ ഇറങ്ങിയില്ലെന്നുമായിരുന്നു വിനീതിന്റെ പരാമർശം. ത്രിവേണിയിൽ സ്‌നാനം ചെയ്ത കോടിക്കണക്കിന് ഭക്തർക്ക് വരാത്ത ചൊറി നിങ്ങൾക്ക് മാത്രം വരുമോ എന്നാണ് വിശ്വാസികൾ വിനീതിനോട് തിരികെ ചോദിക്കുന്നത്.
മനസിന് കുഷ്ഠം പിടിച്ചവർ കുളിച്ചാലും ഇല്ലെങ്കിലും ചൊറിയുമെന്നും വിമർശനമുണ്ട്. കുംഭമേള എന്നത് വിശ്വാസികൾക്കുള്ളതാണ്. വിശ്വാസം മനസിൽ സൂക്ഷിക്കുന്നവർ ഇവിടെയെത്തി സ്‌നാനം ചെയ്യും. മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിച്ച് ആളാകുകയല്ല വേണ്ടത് എന്നും വശ്വാസികൾ വിനീതിനെ ഓർമ്മിപ്പിക്കുന്നുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ വിശ്വാസത്തെ തള്ളിപ്പറഞ്ഞാൽ ദോഷം മാത്രമേ ഉണ്ടാകൂവെന്നും ആളുകൾ പറയുന്നു. വിനീത് കുളിക്കാതിരുന്നത് നന്നായി എന്നും, അല്ലെങ്കിൽ കുംഭമേളയിൽ കുളിക്കാനെത്തുന്ന കോടിക്കണക്കിന് ഭക്തർക്ക് ചൊറിവരുമായിരുന്നുവെന്നും പരിഹസിക്കുന്നവരും കൂട്ടത്തിലുണ്ട്.
കുംഭമേളയിൽ കോടിക്കണക്കിന് പേർ സ്‌നാനം ചെയ്തിട്ടും ആർക്കും ഒരു അസുഖവും പിടിപെട്ടിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനായി ഉപയോഗിച്ച സാങ്കേതിക വിദ്യയുടെ വിശദാംശങ്ങളും ഇതിനോട് അനുബന്ധിച്ച് സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെ ആയിരുന്നു വിനീതിന്റെ പരാമർശം. ഇതാണ് ആളുകളിൽ വലിയ അമർഷത്തിന് കാരണം ആയത്.
മാതൃഭൂമി സംഘടിപ്പിച്ച കാ അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു വിനീത് കുംഭമേളയ്‌ക്കെതിരെ പരാമർശം നടത്തിയത്. വലിയ സംഭവം ആണെന്ന് കരുതിയാണ് കുംഭമേളയ്ക്ക് പോയത് എന്നും എന്നാൽ ചൊറി പിടിക്കുമോയെന്ന് ഭയന്ന് കുളിക്കാതെ തിരിച്ചുവന്നുവെന്നും വിനീത് പറഞ്ഞു. കോടിക്കണക്കിന് ആളുകൾ വരുന്നതിന് വേണ്ടിയുള്ള പി ആർ വർക്ക് നടക്കുന്നുണ്ട്. എന്നാൽ എത്തുന്നവർക്കായി യാതൊരു സൗകര്യവും കേന്ദ്രസർക്കാർ ഒരുക്കിയിട്ടില്ലെന്നും വിനീത് പരിപാടിയിൽ ആരോപിച്ചിരുന്നു.
Discussion about this post