അഹമ്മദാബാദ്: ഭഗവാൻ ശ്രീകൃഷ്ണന്റെ നഗരമായ ദ്വാരക കണ്ടെത്താനുള്ള ശ്രമം തുടർന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അണ്ടർ വാട്ടർ ആർക്കിയോളജിക്കൽ വിംഗിലെ ഗവേഷകർ കടലിനടിയിൽ പരിശോധന ആരംഭിച്ചു. ദ്വാരകയുടെ ശേഷിപ്പുകൾ കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം മുതലാണ് ദ്വാരക മുങ്ങിപ്പോയ അറബിക്കടലിന്റെ ഭാഗങ്ങളിൽ ഗവേഷകർ പരിശോധന ആരംഭിച്ചത്. കടലിനടിയിൽ 300 അടി ആഴത്തിലാണ് ദ്വാരക ഉള്ളതെന്നാണ് നിഗമനം. ഇവിടെയെത്തി ദ്വാരകയുടെ ശേഷിപ്പുകൾ കണ്ടെത്തി ദ്വാരക നിലനിന്നിരുന്നതായി സ്ഥിരീകരിക്കുകയാണ് ഇവരുടെ ഉദ്ദേശം. എഎസ്‌ഐ അഡീഷണൽ ഡയറക്ടർ ജനറൽ പ്രൊഫസർ അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണ് ചുമതല.
ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഗോമതി നദിയുടെ ഭാഗങ്ങളിൽ ആണ് പ്രരംഭ പരിശോധന. ചരിത്രപ്രാധാന്യം ഏറ്റവും കൂടുതലുള്ള സ്ഥലമായതിനാലാണ് ഇവിടെ തുടക്കം കുറിച്ചത്. ഇന്ത്യ സമ്പന്നമായ സംസ്‌കാരവും പൈതൃകവും കണ്ടെത്തുക കൂടി പരിശോധനയുടെ ലക്ഷ്യമാണ്.
അതേസമയം ഇത് ആദ്യമായിട്ടല്ല ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ദ്വാരക കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. 1963 ൽ ആയിരുന്നു ആദ്യ ശ്രമം. ഗുജറാത്ത് സർക്കാരിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഗവേഷണം ആരംഭിച്ചത്. ഈ ഗവേഷണത്തിൽ 3000 വർഷം പഴക്കമുള്ള ചില മൺകുടങ്ങളുടെയും പാത്രങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
ഇതിന് ശേഷം 1980 ൽ അടുത്ത ശ്രമം നടന്നു. ഇതിൽ 560 മീറ്റർ നീളത്തിലുള്ള പാതയായിരുന്നു ഗവേഷകർ കണ്ടെത്തിയത്. പിന്നീട് 2005 ലും 2007 ലും സമാന ശ്രമം ഉണ്ടായി. ഈ വർഷങ്ങളിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും നാവിക സേനയും സംയുക്തമായിട്ടായിരുന്നു പരിശോധന. ഈ വർഷങ്ങളിൽ മണ്ണുകൊണ്ടുള്ള ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ചെമ്പ് മോതിരം, ഇരുമ്പുകൊണ്ടുള്ള നഖങ്ങൾ എന്നിവ ആയിരുന്നു കണ്ടെത്തിയിരുന്നത്.
ഭഗവത് ഗീതയിലാണ് ദ്വാരകയുമായി ബന്ധപ്പെട്ടുള്ള പരാമർശം അടങ്ങിയിരിക്കുന്നത്. 5000 വർഷങ്ങൾക്ക് മുൻപ് ഭഗവാൻ ശ്രീകൃഷ്ണൻ പണികഴിപ്പിച്ചതാണ് ദ്വാരക. 36 വർഷക്കാലും ശ്രീകൃഷ്ണൻ ദ്വാരക ഭരിക്കുകയും ചെയ്തു. പിന്നീട് ഈ നഗരം നദിയിൽ മുങ്ങിയെന്നാണ് പറയപ്പെടുന്നത്.
Discussion about this post