ചെന്നൈ: നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. തന്നെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും തനിക്ക് കുട്ടികളുണ്ടാകില്ലെന്ന് പരസ്യമായി പറഞ്ഞുവെന്നും എലിസബത്ത് പറഞ്ഞു. സമൂഹമാദ്ധ്യത്തിൽ പങ്കുവച്ച കുറിപ്പിൽ ആയിരുന്നു എലിസബത്തിന്റെ വെളിപ്പെടുത്തൽ.
ബാല എന്നെ മാനസികമായി പീഡിപ്പിച്ചു. ബലാത്സംഗം ചെയ്തു. സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണയായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയത്. വിഷാദ രോഗത്തിന് ടാബ്ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എനിക്ക് വന്ധ്യതയുണ്ടെന്ന് പരസ്യമായി പറഞ്ഞു. അയാൾ ഒരുപാട് പെൺകുട്ടികളെ ചതിച്ചിട്ടുണ്ടെന്നും എലിസബത്ത് പറഞ്ഞു.
ഫേസ്ബുക്ക് വഴിയാണ് ബാലയെ പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന കാലത്തും ഇയാൾ പരസ്ത്രീ ബന്ധം തുടർന്നു. നിരവധി പെൺകുട്ടികൾക്കാണ് ഇയാൾ സന്ദേശങ്ങൾ അയച്ചത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകളും വോയ്‌സ് ക്ലിപ്പുകളും തന്റെ പക്കൽ ഉണ്ട്. എല്ലാവരുടെയും മുൻപിൽ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും എലിസബത്ത് വെളിപ്പെടുത്തി.
എങ്ങനെയാണ് അയാൾ മറ്റൊരു വിവാഹം കഴിച്ചത് എന്ന് എനിക്ക് അറിയില്ല. 41 വയസ്സിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയുള്ളൂ എന്നാണ് ബാലയുടെ അമ്മയും പറഞ്ഞത്. അതുകൊണ്ടാണ് വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാഞ്ഞത്. പോലീസിന്റെ മുൻപിൽ വച്ചായിരുന്നു വിവാഹം.
വിവാഹത്തിന് ശേഷം എന്നെയും എന്‌റെ കുടുംബത്തെയും അയാൾ മാനസികമായി ഉപദ്രവിച്ചു. എനിക്ക് അയാളെയും അയാളുടെ ഗുണ്ടകളെയും പേടിയാണ്. ഇനിയും അയാൾ ഉപദ്രവം തുടർന്നാൽ പോലീസിൽ പരാതി നൽകുമെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അമൃത സുരേഷ് നൽകിയ പരാതിയിൽ ബാലയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലൊണ് എലിസബത്ത് ബാലയ്‌ക്കെതിരെ രംഗത്ത് എത്തിയത്.
Discussion about this post