കോഴിക്കോട്: ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി നാട്ടിലെ താരമായിരിക്കുകയാണ് കോഴിക്കോട് റഹ്‌മാനിയ എച്ച് എസ് എസിലെ വി ആകാശ്. പരിമിതികൾ കാറ്റിൽ പറത്തി നേടിയ ഈ അംഗീകാരത്തിന് നൃത്തം അഭ്യസിപ്പിച്ച ഗുരുവിനോട് അകമഴിഞ്ഞ നന്ദി പറയുകയാണ് ഈ കൊച്ചു കലാകാരൻ.
കലോത്സവ വേദിയിൽ നിറഞ്ഞാടാൻ പതിനായിരങ്ങൾ ആവശ്യമുള്ള സ്ഥാനത്ത് ഗുരുവിന് വെറ്റിലയിൽ വച്ച് നൽകിയ നൂറുരൂപയുടെ കഥയാണ് ആകാശിന് തന്നെ തേടിയെത്തുന്നവരോട് പറയാനുള്ളത്. ഓട്ടോ ഡ്രൈവറായ അച്ഛന് മകനെ നൃത്തം പരിശീലിപ്പിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞ നൃത്ത അദ്ധ്യാപകൻ സഹേഷ് മാഷാണ് തുണയായത്.
കുഞ്ഞിലെ തന്നെ ആകാശിന്റെ കഴിവ് മനസിലാക്കിയ സഹേഷ് മാഷ്, തന്റെ എരഞ്ഞിക്കലുള്ള സമർപ്പണ അക്കാദമി ഓഫ് ഫൈൻ ആർടസിലെത്തിച്ച് ചിട്ടയായ പരിശീലനം നൽകി. മകന്റെ കഴിവും ഗുരുവിന്റെ ആത്മസമർപ്പണവും കണ്ട അച്ഛൻ, 15 കിലോമീറ്റർ ദൂരം ഓട്ടോ ഓടിച്ച് മകനെ ആഴ്ചയിൽ മൂന്ന് ദിവസം നൃത്ത വിദ്യാലയത്തിലെത്തിച്ചു.
കലോത്സവമില്ലാതിരുന്ന കൊറോണ കാലത്തും ആകാശ് തന്റെ നൃത്ത പഠനം ഓൺലൈനിലൂടെയും മറ്റും തുടർന്നു. ഒടുവിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി ഗുരുവിന് അഭിമാനമായി മാറിയിരിക്കുകയാണ് ആകാശ്. മാല പണയം വച്ച് പോലും കുട്ടികളുടെ നൃത്തപഠനം മുടക്കാതെ തുടരുന്ന സഹേഷ് മാഷിനുള്ള ഗുരുദക്ഷിണയാണ് ആകാശിന്റെ ഈ ആകാശത്തിനോളം വലിപ്പമുള്ള എ ഗ്രേഡ്.
Discussion about this post