തരൂർ ഉയർത്തിയ വെല്ലുവിളികൾക്കിടെ ഇന്ന് കോൺഗ്രസ് നേതൃയോഗം ;തരൂരിന്റെ പോക്ക് എങ്ങോട്ട്…?

Published by
Brave India Desk

തിരുവനന്തപുരം :കെപിസിസി ഭാരവാഹികളുടെയും ഡിസിസി അദ്ധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും ശശി തരൂരിന്റെ തുടർച്ചയായുള്ള വെല്ലുവിളിയും ചർച്ചക്ക് വരാൻ ഇടയുണ്ട്.

പാർട്ടിയിൽ രണ്ട് വിധത്തിൽ അഭിപ്രായം നേതാക്കൾ ഉന്നയിക്കുന്നുണ്ട്.സംസ്ഥാനത്ത് നേതൃപദവി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ തരൂർ നിരന്തരം പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്. അതെ സമയം തരൂരിന്റെ പ്രശ്നങ്ങൾ തീർത്തു ഒപ്പം നിർത്തണം എന്ന വാദവും ഉയരുന്നുണ്ട്.

 

കെപിസിസി നടപടിക്ക് നിർദേശം നൽകില്ല. പ്രശ്നം ഹൈക്കമാണ്ട് പരിഹരിക്കണം എന്നാണ് കേരള നേതാക്കളുടെ ആവശ്യം. അതേസമയം തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂർ ഇപ്പോൾ പറഞ്ഞതാണ് കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കിയത്. തനിക്ക് അർഹമായ സ്ഥാനങ്ങളൊന്നും ലഭിക്കുന്നില്ലെന്ന പരാതി അദ്ദേഹത്തിന് നേരത്തെയുണ്ട്. കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടത് തന്റെ സ്ഥാനമോഹങ്ങളെ ബാധിക്കുമെന്ന ചിന്തയും അദ്ദേഹത്തിനുണ്ട്. ഇതൊക്കെ കൊണ്ടാണ് തരൂരിപ്പോൾ ഇടം തിരിയുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. എന്തായാലും തരൂർ കോരിയിട്ട കനലുകൾ കോൺഗ്രസിൽ നന്നായി പുകയുകയാണ്.

 

അമേരിക്കൻ സന്ദർശനത്തിനിടെ മോദിയെ പുകഴ്ത്തിയ ട്രംപിന്റെ വാക്കുകൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വലിയ വാർത്തകളായി. ഇതിന് പിന്നാലെയായിരുന്നു മോദിയെ പിന്തുണച്ചും പ്രശംസിച്ചു തരൂർ മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. അമേരിക്കയിൽ വലിയ പരിഷ്‌കാരങ്ങൾ നടക്കുന്നതിനിടെ മോദിയുടെ സന്ദർശനം യാതൊരു ഗുണവും ഉണ്ടാക്കില്ലെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. എന്നാൽ ഇതിന് വിപരീതമായുള്ള തരൂരിന്റെ പ്രതികരണം കോൺഗ്രസിനെ അൽപ്പം ഞെട്ടിച്ചു. ഇന്ത്യക്കാരെ അപമാനിക്കാൻ അനുവദിക്കില്ലെന്ന് മോദി ട്രംപിനോട് ഉറപ്പായിട്ടും പറഞ്ഞിട്ടുണ്ടാകും എന്നായിരുന്നു തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മോദി- ട്രംപ് കൂടിക്കാഴ്ച രാജ്യത്തിന് ഉണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. സംസ്ഥാന സർക്കാരിനെയും തരൂർ പ്രശംസിച്ചു. ഇതോടെ കോൺഗ്രസിൽ നിന്ന് രൂക്ഷ വിമർശനമാണ് തരൂരിന് കിട്ടുന്നത്.

തരൂരിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തരൂരിന്റേത് അച്ചടക്ക ലംഘനം ആണെന്ന് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും അഭിപ്രായപ്പെടുമ്പോൾ നടപടി തീരുമാനിക്കേണ്ടത് എഐസിസി ആണെന്നാണ് കെപിസി നേതൃത്വം വ്യക്തമാക്കുന്നത്.

 

 

Share
Leave a Comment