ന്യൂഡൽഹി : കോൺഗ്രസുമായുള്ള ബന്ധം വീണ്ടും വഷളാക്കിക്കൊണ്ട് കേന്ദ്രസർക്കാരിന് പുകഴ്ത്തലുമായി ശശി തരൂർ. മോദി സർക്കാരും യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളെ കുറിച്ചാണ് ഇത്തവണ ശശി തരൂർ പ്രശംസിച്ചത്. കൂടാതെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ആയി ശശി തരൂർ സെൽഫി എടുക്കുകയും ചെയ്തത് കോൺഗ്രസിൽ വീണ്ടും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനും യുകെ വാണിജ്യ-ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡിനുമൊപ്പമുള്ള സെൽഫിയാണ് ചൊവ്വാഴ്ച ശശി തരൂർ തന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഇത് കോൺഗ്രസ് നേതൃത്വത്തിന്റെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനത്തിനെയും ശശി തരൂർ പ്രശംസിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസും ശശി തരൂരും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരിക്കുന്നത്.
“ദീർഘനാളായി മുടങ്ങിക്കിടന്നിരുന്ന സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ചർച്ചകൾ പുനരാരംഭിച്ചു, ഇത് വളരെ സ്വാഗതാർഹമാണ്” എന്നായിരുന്നു ശശി തരൂർ കേന്ദ്രമന്ത്രിയുമായുള്ള സെൽഫിക്കൊപ്പം എക്‌സിൽ കുറിച്ചത്. ഏറെ സന്തോഷപ്രദമായ കൂടിക്കാഴ്ചയായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായത് എന്നും തരൂർ വ്യക്തമാക്കി. ഇതാണ് കോൺഗ്രസിനെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്.
Leave a Comment