ന്യൂഡൽഹി: ഡൽഹി മദ്യനയത്തിലൂടെ സർക്കാരിന് 2,002 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടായതായി സിഐജി റിപ്പോർട്ട്. ഡൽഹി മദ്യനയത്തിൽ അടിമുടി ക്രമക്കേടുണ്ടായതായി നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമസഭയിൽ റിപ്പോർട്ട് അവതരിപ്പിക്കാൻ ആം ആദ്മി പാർട്ടി എതിർത്തതിനെ തുടർന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത ഡൽഹി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാൻ ഒരു സംവിധാനവും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മദ്യശാലകളുടെ ഉടമസ്ഥാവകാശത്തിൻന്റെ പരിധി രണ്ടിൽ നിന്ന് 54 ആയി ഉയർന്നു. ഇത് വലിയ മദ്യ ലോബികൾക്ക് ഗുണം ചെയ്തു. കാബിനറ്റ് നടപടിക്രമങ്ങളുടെ ലംഘനം ഉണ്ടായി. കാബിനറ്റ് അംഗീകാരമില്ലാതെ വലിയ ഇളവുകൾ അനുവദിച്ചു. എംസിഡി, ഡിഡിഎ അനുമതിയില്ലാതെ ജനവാസ കേന്ദ്രങ്ങളിൽ മദ്യകടകൾ വ്യാപകമായി തുറന്നുവെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, നിയമസഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വച്ചതിന് പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പെടെ എഎപി എംഎൽമാരെ മാർഷൽമാരെ വിളിച്ച് സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്രഗുപ്ത പുറത്താക്കി. അതിഷി ഉൾപ്പെടെ 12 എംഎൽഎമാരെ സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സ്പീക്കർ സസ്‌പെൻഡ് ചെയ്തു. എഎപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിക്കുമെന്ന് ലഫ്റ്റനൻറ് ഗവർണ്ണർ പ്രഖ്യാപിച്ചു.
Discussion about this post