ഇന്ത്യൻ റെയിൽവേയുടെ അസൂയാവഹമായ വളർച്ച രാജ്യത്തിന്റെ വികസനത്തിന്റെ പ്രതിഫലനമായി മാറുകയാണ്. പുക തുപ്പി കൂകിപ്പാഞ്ഞ് ഓടിയിരുന്ന കൽക്കരിവണ്ടികൾ രാജ്യം വളരുന്നതിനൊപ്പം ഡീസൽ വണ്ടികളായും വൈദ്യുത ട്രെയിനുകളായും പരിണമിച്ചു. ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരതും മറ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും പാളങ്ങളിലൂടെ കുതിച്ചുപായുന്നു.മിന്നൽ വേഗത്തിൽ പായുന്ന ബുള്ളറ്റ് ട്രെയിനായുള്ള കാത്തിരിപ്പിലാണ് നാം.അതിവേഗ ഗതാഗത സംവിധാനമെന്നത് നവഭാരതത്തിന്റെ പ്രത്യേകതയായാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത് തന്നെ. അതുകൊണ്ട് തന്നെ, പാസഞ്ചർ ട്രെയിനുകളിൽ മാത്രമല്ല,ചരക്കുതീവണ്ടികളിലും കാതലായ മാറ്റം കൊണ്ടുവരാൻ സർക്കാർ അശ്രാന്തം പരിശ്രമിക്കുകയാണ്.
നെല്ലും,പുല്ലും എന്തിന് കല്ലും മണ്ണും വരെ വഹിച്ച്, പാളങ്ങളിലൂടെ പതിയെ,പതിയെ ഉറക്കം തൂങ്ങിയോടിയിരുന്ന ചരക്കുതീവണ്ടികളിതാ ശരവേഗത്തിൽ കുതിക്കാനൊരുങ്ങുകയാണ്. അതിനുതകുന്ന എഞ്ചിൻ നിർമ്മാണം അവസാനഘട്ടത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ്. 9000 കുതിരശക്തിയുള്ള എഞ്ചിനാണ് ഗുജറാക്കിലെ ദാഹോദ് വർക്ക് ഷോപ്പിൽ നിർമ്മാണത്തിലിരിക്കുന്നത്. ഏകദേശം 4500 മുതൽ 5000 ടൺ വരെ ഭാരമുള്ള ചരക്ക് തീവണ്ടിയെ 100 കിലോമീറ്റർ വേഗതയിൽ കുതിപ്പിക്കുകയാണ് റെയിൽവേമന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുകയാണ്. ഇതോടെ ഇന്ത്യയിലെ ചരക്കുതീവണ്ടികളും വികസിത രാജ്യങ്ങളിലേത് പോലെ അതിവേഗത്തിൽ കുതിക്കും. നിർമ്മാണത്തിലിരിക്കുന്ന ഈ ലോക്കോ മോട്ടീവിന്റെ 89 ശതമാനവും ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുക. ജർമ്മൻ എഞ്ചിനീയറിംഗ് ഭീമനായ സീമെൻസുമായി ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ.
ദാഹോദിലുള്ള ഇലക്ട്രിക് ലോക്കോ മോട്ടീവ് നിർമ്മാണ യൂണിറ്റ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ചരക്ക് ട്രെയിൻ എഞ്ചിനുകൾ കയറ്റുമതി ചെയ്യാനുള്ള തലത്തിലേക്ക് ഉയരുമെന്നും കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.രാജ്യത്തെ ചരക്ക് നീക്കത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ ലോക്കോമോട്ടീവുകൾ നിർണായക പങ്കുവഹിക്കുമെന്നതിൽ സംശയമില്ല. ചരക്ക് ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗതയും ലോഡിംഗ് ശേഷിയും മെച്ചപ്പെടുത്തുന്നതിലൂടെ, ട്രാക്കുകളിലെ തിരക്ക് കുറയയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോജിസ്റ്റിക് ചെലവ് 10 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന പുത്തൻ എഞ്ചിനിൽ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങൾ,കവച് സുരക്ഷാ സംവിധാനങ്ങൾ ഗ്രീൻ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ എന്നിവയും ഉണ്ടാവും. ഈവർഷം ഏപ്രിലിലോടെ പുത്തൻ എഞ്ചിൻ പുറത്തിറക്കാനാവുമെന്നാണ് കരുതുന്നത്.
ദാഹേദ് റെയിൽവേ പ്രൊഡക്ഷൻ യൂണിറ്റിൽ 2020 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉയർന്ന കുതിരശക്തിയുള്ള എഞ്ചിനുകൾ നിർമ്മിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. 20,000 കോടിയിലധികം നിക്ഷേപം നടത്തിയ ഈ പദ്ധതിയിൽ ഒന്നും രണ്ടുമല്ല 1200 ഹൈ ഹോഴ്‌സ് പവർ 9000 എച്ച്പി ലോക്കോമോട്ടീവുകളാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഇതിലൂടെ നേരിട്ടും അല്ലാതെയും 7000 ത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. നവഭാരതത്തിന്റെ വിളമ്പരങ്ങളിലൊന്നായി അധികം വൈകാതെ തന്നെ സൂപ്പർ പവറോട് കൂടിയ കരുത്തുറ്റ എഞ്ചിൻ ഘടിപ്പിച്ച ചരക്കുവണ്ടികൾ നമ്മുടെ പാളങ്ങളിലൂടെ ഓടുന്നത് കാത്തിരിക്കാം.
Leave a Comment