കുട്ടികൾ മുതൽ മുതിർന്നവർ വരെ സമ്പാദിക്കുന്നത് ആയിരങ്ങളും പതിനായിരങ്ങളും. വരുമാന മാർഗ്ഗമോ യൂട്യൂബ്. കണ്ടന്റ് ക്രിയേഷനിലൂടെ ഇന്ന് ലോകത്തെ ഞെട്ടിക്കുകയാണ് ഇന്ത്യയിലെ ഒരു കൊച്ച് ഗ്രാമം. യൂട്യൂബ് വില്ലേജ് എന്നറിയപ്പെടുന്ന ഇവിടെ ഭൂരിഭാഗം പേരും കണ്ടന്റ് ക്രിയേറ്റർമാരാണ്.
ഛത്തീസ്ഗഡിലാണ് യൂട്യൂബ് വില്ലേജ് എന്ന് അറിയപ്പെടുന്ന തുളസി ഗ്രാമം സ്ഥിതി ചെയ്യുന്നത്. നാലായിരത്തോളം ആളുകളാണ് ഈ കൊച്ചുഗ്രാമത്തിൽ തിങ്ങിപ്പാർക്കുന്നത്. ഇതിൽ ആയിരത്തിലധികം ആളുകളും യൂട്യൂബിലെ കണ്ടന്റ് ക്രിയേറ്റർമാരാണ്. ഇവിടെ നിന്നും അത്ര തന്നെ യൂട്യൂബ് ചാനലുകളും ഉണ്ട്. അതുകൊണ്ട് തന്നെ യൂട്യൂബ് ക്യാപിറ്റൽ എന്ന പേരും തുളസി ഗ്രാമത്തിനുണ്ട്.
കണ്ടന്റ് ക്രിയേഷൻ ഒരു മികച്ച വരുമാനമാർഗ്ഗമാണെന്ന ചിന്ത ആളുകളിൽ ഉദിക്കുന്നതിന് എത്രയോ മുൻപാണ് തുളസി നിവാസികൾ യൂട്യൂബിൽ വീഡിയോകൾ നിർമ്മിക്കാൻ ആരംഭിച്ചത്. ഇതിനുള്ള കാരണം അറിയണമെങ്കിൽ ഒൻപത് വർഷം പുറകിലേയ്ക്ക് പോകണം. 2016 ൽ ആണ് എല്ലാറ്റിന്റെയും തുടക്കം.
അദ്ധ്യാപകൻ ആയിരുന്ന ജയും, മുൻ നെറ്റ്വർക്ക് എൻജിനീയർ ആയിരുന്ന ജ്ഞാനേന്ദ്രയും ചേർന്ന് യൂട്യൂബിൽ ഒരു ചാനൽ ആരംഭിച്ചു. എന്നാൽ നിരവധി കടമ്പകളായിരുന്നു ഇവരെ കാത്തിരുന്നത്. വീഡിയോ എഡിറ്റിംഗിലോ, ഡിജിറ്റൽ പ്രൊഡക്ഷനിലോ മുൻപരിചയമില്ലാതിരുന്ന ഇവരുടെ വീഡിയോകൾ ശ്രദ്ധിക്കപ്പെടാതിരുന്നു. ഇതിനൊപ്പം പകർപ്പവകാശ ലംഘനം കൂടി ആയതോടെ ആകെ പ്രതിസന്ധിയിലായി. എങ്കിലും ഉദ്യമത്തിൽ നിന്നും പിൻവാങ്ങാൻ ഇരുവരും തയ്യാറായില്ല. ഇവരുടെ ഈ നിശ്ചയദാർഢ്യം ആയിരുന്നു ഗ്രാമത്തിലെ മറ്റുള്ളവർക്ക് പിന്നീട് പ്രചോദനം ആയത്.
രണ്ട് വർഷത്തിന് ശേഷം ഇവരുടെ പരിശ്രമങ്ങൾ ഫലം കണ്ടു. ബീയിംഗ് ഛത്തീസ്ഗഢിയ എന്ന ചാനലിന്റെ പിറവി അപ്പോഴായിരുന്നു. പതിയെ ചാനൽ ശ്രദ്ധപിടിച്ചുപറ്റി. സബ്‌സ്‌ക്രൈബർമാരുയടെ എണ്ണം വർദ്ധിച്ചു. അങ്ങിനെ പതിയെ സാമ്പത്തിക നേട്ടവും ഇവർ നേടി.
ജയ്ക്കും ജ്ഞാനേന്ദ്രയ്ക്കും യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കാൻ ആരംഭിച്ചത് നാട്ടിലെങ്ങും പാട്ടായി. പതിയെ എല്ലാവരും ഇവരുടെ പാത പിന്തുടരുകയായിരുന്നു. അങ്ങനെ തുളസിയിലെ എല്ലാ വീടുകളിലും കണ്ടന്റ് ക്രിയേറ്റർമാർ ജനിച്ചു.
കുടുംബത്തിനൊന്നടങ്കം ആസ്വദിക്കാൻ കഴിയുന്ന വീഡിയോകൾ മാത്രമേ തങ്ങളുടെ ചാനലിലൂടെ പുറത്ത് വരാവൂ എന്ന് ഇവിടുത്തുകാർക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഫാമിലി ഫ്രണ്ട്‌ലി കണ്ടന്റുകളാണ് ഇവർ ചാനലുകൾ വഴി പുറത്തുവിടാറ്. ഇതിനൊപ്പം ഗ്രാമത്തിന്റെ സംസ്‌കാരത്തെയും ജീവിത രീതിയെയും പുറം ലോകത്തെ അറിയിക്കുന്ന മാദ്ധ്യമമായും ഇവർ ഇതിനെ ഉപയോഗിക്കുന്നു. ഇതിനെല്ലാം വലിയ പ്രചാരവും ഉണ്ട്. ഇത്തരം വീഡിയോകളിലൂടെ 20,000 മുതൽ 40,000 രൂപവരെയാണ് ഇവിടുത്തുകാർ സമ്പാദിക്കുന്നത്. ചുരുക്കി പറഞ്ഞാൽ യൂട്യൂബിന്റെ നല്ലൊരു ശതമാനം പണം തുളിസിയിലെ ജനങ്ങൾ എണ്ണി വാങ്ങുന്നുണ്ട്.
കണ്ടന്റ് ക്രിയേഷൻ ഇവിടുത്തുകാരെ സാങ്കേതിക പരിജ്ഞാനം ഉള്ളവരാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ ഭൂരിഭാഗം പേരും എഡിറ്റർമാരും ക്യാമറ കൈകാര്യം ചെയ്യാൻ അറിവുള്ളവരുമാണ്. തിരക്കഥാ കൃത്തുക്കളും അഭിനേതാക്കളും ഇവിടെ വളർന്നുവരുന്നുണ്ട്.
തുളസിയിലെ ജനങ്ങളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കാൻ എല്ലാ സൗകര്യവും ചെയ്തുകൊണ്ട് റായ്പൂർ ജില്ലാ ഭരണകൂടവും മുൻപിലുണ്ട്. ഇവർക്കായി ആദ്യ ഹൈടെക് സ്റ്റുഡിയോ ഹമ്മർ ഫ്ലിക്സ് സർക്കാർ സജ്ജമായിട്ടുണ്ട്. ഡ്രോൺ കാമറകൾ, ജിംബലുകൾ തുടങ്ങിയ സൗകര്യത്തോടെയാണ് സ്റ്റുഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് പ്രൊഫഷണൽ പരിശീലനം നൽകാനുള്ള കേന്ദ്രം ആരംഭിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
Discussion about this post