കസബിന്റെ വധശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കിയതിൽ നിർണായക പങ്ക് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം രാജ്യസഭയിലേക്ക്

Published by
Brave India Desk

ന്യൂഡൽഹി : രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത നാലു പേരുകളാണ് ഇപ്പോൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും നേടുന്നത്. കേരളത്തിന് അഭിമാനമായി സി. സദാനന്ദൻ മാസ്റ്റർ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ രാജ്യം ഏറെ ശ്രദ്ധിച്ച മറ്റൊരു വ്യക്തിയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. അജ്മൽ കസബിന്റെ 26/11 മുംബൈ ഭീകരാക്രമണ വിചാരണയിലും 1991 ലെ ബോംബെ ബോംബ് സ്ഫോടന കേസിലും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. മറ്റു നിരവധി തീവ്രവാദ, ഭീകരവിരുദ്ധ കേസുകളിലും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഉജ്ജ്വൽ നികം പ്രവർത്തിച്ചിട്ടുണ്ട്.

മുൻ നയതന്ത്രജ്ഞൻ ഹർഷ് ശ്രിംഗ്ലയും ചരിത്രകാരി മീനാക്ഷി ജെയിനുമാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത മറ്റ് രണ്ടുപേർ. ഇന്ത്യൻ വിദേശകാര്യ സർവീസിൽ (ഐഎഫ്എസ്) നിന്ന് വിരമിച്ച നയതന്ത്രജ്ഞനായ ഹർഷ് വർധൻ ശൃംഗ്ല ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും അമേരിക്കയിൽ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുള്ള സുപ്രധാന വ്യക്തിത്വമാണ്. കരിയറിന്റെ ആദ്യ കാലഘട്ടത്തിൽ തായ്‌ലൻഡിലെ ഇന്ത്യൻ അംബാസിഡറായും ബംഗ്ലാദേശിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 നവംബറിൽ ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടിയുടെ കോർഡിനേറ്റർ ചുമതലയും അദ്ദേഹത്തിന് ആയിരുന്നു.

1994-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നടത്തിയ ആക്രമണത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട മുതിർന്ന സംഘപ്രവർത്തകനാണ് സി സദാനന്ദൻ മാസ്റ്റർ. നാഷണൽ ടീച്ചേഴ്‌സ് യൂണിയന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രശസ്ത ചരിത്രകാരിയായ ഡോ. മീനാക്ഷി ജെയിൻ ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിൽ ചരിത്രത്തിന്റെ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ ഫെലോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ഗവേണിംഗ് കൗൺസിൽ അംഗമായിരുന്നു, കൂടാതെ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സീനിയർ ഫെലോയും ആയിരുന്നു.

Share
Leave a Comment

Recent News