ബെംഗളൂരു : പ്രശസ്ത നടി ബി സാരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വസതിയിൽ വച്ച് തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.
ദക്ഷിണേന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ആയി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു സരോജാ ദേവി. ‘അഭിനയ സരസ്വതി’ എന്നും അവർ വിശേഷിപ്പിക്കപ്പെട്ടിരുന്നു. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി 200-ലധികം ചിത്രങ്ങളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. 1955-ൽ പതിനേഴാം വയസ്സിൽ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജ ദേവി സിനിമയിലേക്ക് എത്തിയത്.
1958-ൽ എം.ജി. രാമചന്ദ്രനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലെ സൂപ്പർതാര പദവി അവരെ തേടിയെത്തി. പിന്നീട് നിരവധി സിനിമകളിലൂടെ ദക്ഷിണേന്ത്യയിലും ഹിന്ദിയിലും അവർ തന്റെ സ്ഥാനം നിലനിർത്തി. 1955 നും 1984 നും ഇടയിൽ തുടർച്ചയായി 161 ചിത്രങ്ങളിൽ നായികാ വേഷം ചെയ്തുകൊണ്ട് ഒരു റെക്കോർഡ് നേട്ടം തന്നെ സരോജ ദേവി സ്വന്തമാക്കിയിട്ടുണ്ട്.
1938 ജനുവരി 7 ന് ബെംഗളൂരുവിൽ ജനിച്ച സരോജ ദേവി, പോലീസ് ഉദ്യോഗസ്ഥനായ ഭൈരപ്പയുടെയും വീട്ടമ്മയായ രുദ്രമ്മയുടെയും നാലാമത്തെ മകളായിരുന്നു. 1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ, തമിഴ്‌നാട്ടിൽ നിന്ന് കലൈമാമണി അവാർഡും ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റും അവർക്ക് ലഭിച്ചിട്ടുണ്ട്. 53-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ ജൂറി അധ്യക്ഷയായിരുന്നു.
Leave a Comment