പാലക്കാട് നിപ ജാഗ്രതയേറുന്നു. നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂർ സ്വദേശിയായ വയോധികൻറെ ഹൈ റിസ്‌ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി ബാധിച്ചു. ഇവരെ പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹൈ റിസ്‌ക് കോൺടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു ബന്ധുവിനും ഒരു ആരോഗ്യ പ്രവർത്തകനുമാണ് പനി ബാധിച്ചത്. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീൽഡ്തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 609 പേരാണ് ഉള്ളത്. അതിൽ 112 പേർ പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മലപ്പുറം ജില്ലയിൽ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് എട്ട് പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ഇതുവരെ 72 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് അഞ്ച് പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേർ ഹൈയസ്റ്റ് റിസ്‌കിലും 133 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിപ വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു.
Leave a Comment