ആഡംബര ഷോപ്പിംഗിന് പണം കണ്ടെത്താനായി രണ്ട് മക്കളെ വിറ്റ അമ്മയ്ക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് കോടതി. ലൈവ് സ്ട്രീമേഴ്‌സിന് പണം നൽകാനും വിലകൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങാനുമാണ് യുവതി ഈ പണം ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.
ദക്ഷിണ ചൈനയിലെ ഗുവാങ്സി പ്രവിശ്യയിൽ നിന്നുള്ള ഹുവാങ് (26) എന്ന യുവതിയാണ് ജീവിക്കാനായി കുഞ്ഞുങ്ങളെ വിറ്റത്. 2020 ഒക്ടോബറിലാണ് യുവതി ആദ്യത്തെ കുഞ്ഞിനു ജന്മം നൽകിയത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യുവതിക്ക് ജോലി പോലുമില്ലായിരുന്നു. തുടർന്നാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചത്.
വീട്ടുടമയുടെ സഹായത്തോടെയാണ് ഇവർ ആദ്യത്തെ കുഞ്ഞിനെ വിൽക്കുന്നത്. അയാളുടെ ബന്ധുവിന്റെ മകന് കുട്ടികളുണ്ടായിരുന്നില്ല. അവർ യുവതിയുടെ കുഞ്ഞിനെ ദത്തെടുക്കാൻ തയാറായി. അഞ്ചുലക്ഷം രൂപയ്ക്കാണ് ആദ്യത്തെ കുഞ്ഞിനെ വിറ്റത്.
പണം തീർന്നതോടെ വീണ്ടും ഗർഭിണിയാകാൻ യുവതി തീരുമാനിച്ചു.2022ൽ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. നാലരലക്ഷം രൂപയ്ക്കാണ് രണ്ടാമത്തെ കുഞ്ഞിനെ ഒരാൾക്ക് വിറ്റത്. അടുത്തിടെ കുട്ടികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട ചാറ്റ് വിവരങ്ങൾ അധികൃതർക്കു ലഭിക്കുകയും ഇരുകുഞ്ഞുങ്ങളെയും കണ്ടെത്തുകയും ചെയ്തു.
Discussion about this post