അത് എന്റെ കുഞ്ഞുങ്ങൾ ; കർണാടകയിലെ ഗുഹയിൽ റഷ്യൻ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഇസ്രായേലി യുവാവ്

Published by
Brave India Desk

ബംഗളൂരു : കർണാടകയിലെ ഗോകർണയിലെ ഗുഹയിൽ നിന്നും റഷ്യൻ യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഇസ്രായേലിൽ നിന്നുമുള്ള ഗോൾഡ്‌സ്റ്റൈൻ എന്ന യുവാവാണ് സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. നീന കുട്ടിന തന്റെ പങ്കാളിയാണെന്നും കൂടെയുള്ള കുഞ്ഞുങ്ങൾ തങ്ങളുടെ മക്കൾ ആണെന്നും ഗോൾഡ്‌സ്റ്റൈൻ വ്യക്തമാക്കി.

ആറുമാസം മുമ്പ് നീനയെ കാണാനില്ലെന്ന് കാണിച്ച് ഗോവയിൽ പരാതി നൽകിയിരുന്നതായും ഗോൾഡ്‌സ്റ്റൈൻ വെളിപ്പെടുത്തി. എട്ട് വർഷം മുമ്പ് ഗോവയിൽ വെച്ചാണ് നീനയെ ആദ്യമായി കണ്ടുമുട്ടിയത്. വളരെ പെട്ടെന്ന് തന്നെ തങ്ങൾ പ്രണയത്തിലായി. ഏഴു മാസക്കാലം ഇന്ത്യയിൽ ഒരുമിച്ച് ജീവിച്ചു. പിന്നീട് യുക്രൈനിലും ഒന്നിച്ച് താമസിച്ചിരുന്നു. പ്രേമ, എമ്മ എന്നീ രണ്ട് പെൺമക്കളും ഈ ബന്ധത്തിൽ തങ്ങൾക്ക് ഉണ്ടായി എന്നും ഗോൾഡ്‌സ്റ്റൈൻ വ്യക്തമാക്കി.

പ്രേമയ്ക്ക് 6 വയസ്സും എമ്മയ്ക്ക് 5 വയസ്സും പ്രായമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് നീന തന്നെ അറിയിക്കാതെ ഗോവ വിട്ടു പോവുകയായിരുന്നു. നീനയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നീന എവിടെയാണ് താമസിച്ചത് എന്ന് അറിയില്ലായിരുന്നു എങ്കിലും നീനക്കും കുഞ്ഞുങ്ങൾക്കും ആവശ്യമായ പണം എല്ലാ മാസവും അയച്ചു നൽകിയിരുന്നു. ഇപ്പോഴും താൻ നീനക്കും കുട്ടികൾക്കും ഒപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങളെ റഷ്യയിലേക്ക് അയക്കുന്നത് തടയാൻ ശ്രമിക്കുമെന്നും ഗോൾഡ്‌സ്റ്റൈൻ അറിയിച്ചു.

Share
Leave a Comment