പത്തനംതിട്ടയിലെ അനാഥാലയത്തിൽ പ്രായപൂർത്തിയാകും മുൻപേ അന്താവാസിയായ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. കഴിഞ്ഞ മാസം തന്നെ സംഭവത്തിൽ അടൂർ പോലീസ് പോക്‌സോ കേസെടുത്തിരുന്നു. അന്ന് പക്ഷേ ആരെയും പ്രതിചേർത്തിരുന്നില്ല.
യുവതി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായിരുന്നുവെന്ന് സിഡബ്ല്യുസിയുടെ റിപ്പോർട്ടു പ്രകാരമായിരുന്നു പോക്‌സോ കേസെടുത്തിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അനാഥാലയ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തത്. 2024 ഒക്ടോബർ 23-നായിരുന്നു യുവതിയുടെ വിവാഹം. ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് പ്രസവിച്ചത്. പെൺകുട്ടിയെ പ്രായപൂർത്തിയായി പതിനാലാം ദിവസമാണ് നടത്തിപ്പുകാരിയുടെ മകൻ വിവാഹം കഴിച്ചത്.
അതേസമയം വിവാദത്തോടെ സ്ഥാപനത്തിലെ 23പെൺകുട്ടികളെ ഇവിടെ നിന്നു മാറ്റിയിരുന്നു. ഇവർക്ക് കൗൺസിലിങ് നൽകിയപ്പോൾ നടത്തിപ്പുകാരി അടിച്ചതായി ഒരു പെൺകുട്ടി പരാതി പറഞ്ഞു. മുറ്റം അടിക്കാൻ പറഞ്ഞപ്പോൾ ചെയ്യാൻ വൈകിയതിന് കയ്യിൽ അടിച്ചു എന്നാണ് പരാതി. ഈ പരാതിയിൽ നടത്തിപ്പുകാരിക്കെതിരെ കേസെടുത്തിരുന്നു. പോക്‌സോയിൽ ഉൾപ്പെട്ട പെൺകുട്ടിയുടേയും കുഞ്ഞിൻറേയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് 27യുട്യൂബർമാർക്കെതിരെ പരാതിയുണ്ട്
Discussion about this post