കഴിഞ്ഞ ദിവസമാണ് എംഎൽഎ കെ ടി ജലീൽ ഒരു കുഞ്ഞിന് വിദ്യാരംഭം കുറിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. വിദ്യാരംഭം ഒരു മത ചടങ്ങ് അല്ല എന്നും അത് കേരളീയ സംസ്കാരത്തിന്റെ ഭാഗമാണ് എന്നും കുറിച്ചുകൊണ്ടായിരുന്നു ജലീൽ സമൂഹമാധ്യമങ്ങളിലൂടെ ഈ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ ജലീലിന്റെ ഈ പ്രവൃത്തിക്കെതിരെ മുസ്ലിം വിശ്വാസികളുടെ ഭാഗത്തുനിന്നും ഇപ്പോൾ രൂക്ഷ വിമർശനമാണ് ഉയരുന്നത്. നിരവധി പേരാണ് ജലീൽ ഹിന്ദു ആചാരങ്ങളുടെ ഭാഗമായതിനെതിരായി രോഷം കൊള്ളുന്നത്.
നിലവിളക്കും ചന്ദനത്തിരിയും എല്ലാം വെച്ചുള്ള ആദ്യാക്ഷരം കുറിക്കൽ ചടങ്ങ് എങ്ങനെയാണ് മത ചടങ്ങ് അല്ലാതെ കേരളീയ സംസ്കാരം ആകുന്നത് എന്നാണ് ഭൂരിപക്ഷം പേരും ചോദിക്കുന്നത്. പഴയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ഒരാൾക്ക് വിദ്യാരംഭ ചടങ്ങിനെ കുറിച്ച് ഒന്ന് ഗൂഗിൾ ചെയ്തെങ്കിൽ നോക്കാമായിരുന്നു എന്നും കമന്റുകൾ പറയുന്നു. അതേസമയം അഴിമതി കേസിൽ ഉൾപ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഒരാളെ കൊണ്ട് തന്റെ കുട്ടിയുടെ വിദ്യാരംഭം നടത്തിയ മാതാപിതാക്കൾക്കെതിരെയും ചിലർ രൂക്ഷമായി പ്രതികരിച്ചു.
കെ ടി ജലീൽ പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ്,
”ഗസലി”ൽ സൂഫീ വചനങ്ങൾ അന്വർത്ഥമായി!
ആദ്യാക്ഷരം കുറിക്കുന്ന എഴുത്തിനിരുത്ത് കേരളീയ സംസ്കാരത്തിൻ്റെ ഭാഗമാണ്. എന്നാൽ അതൊരു മത ചടങ്ങാണെന്നാണ് പലരുടെയും ധാരണ. അങ്ങിനെയെങ്കിൽ മതപുരോഹിതൻമാരാകുമല്ലോ പ്രസ്തുത ചടങ്ങുകൾക്ക് നേതൃത്വം നൽകുക. എല്ലാ ജാതി മത വിഭാഗങ്ങളിൽ പെടുന്നവരെയും എഴുത്തിനിരുത്താൻ രക്ഷിതാക്കൾ സമീപിക്കുന്നത് അതൊരു മതാതീത ചടങ്ങായത് കൊണ്ടാണ്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ മുപ്പതാം ഡിവിഷൻ കോഴിക്കോട് എന്ന സ്ഥലത്ത് താമസിക്കുന്ന ശ്യാം-ആർച്ച ദമ്പതികളുടെ മകൻ വൈദവിന് ആദ്യാക്ഷരം കുറിക്കാൻ കുടുംബ സമേതം ഇന്നലെ വീട്ടിൽ വന്നിരുന്നു. അവരുടെ ആഗ്രഹ സാഫല്യത്തിന് വേദിയായത് “ഗസലി”ൻ്റെ അകത്തളമാണ്. ആഹ്ലാദം അലതല്ലിയ നിമിഷങ്ങൾക്ക് അവിടെ കൂടി നിന്നവർ സാക്ഷിയായി. മനുഷ്യർക്ക് സന്തോഷം ലഭിക്കുന്നതെന്തും ദൈവ ചൈതന്യം പ്രസരിപ്പിക്കും. മനുഷ്യരുടെ പുഞ്ചിരി വിരുയുന്നേടത്തും മനസ്സിൻ്റെ സംതൃപ്തി കളിയാടുന്നേടത്തും മാലാഖമാരുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന് സൂഫികൾ പറഞ്ഞത് എത്ര ശരിയാണ്!
Discussion about this post