ഡമാസ്കസ് : സിറിയയിലെ ന്യൂനപക്ഷ വിഭാഗമായ ഡ്രൂസിനെതിരായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ രക്ഷകരായി ഇസ്രായേൽ. ഡ്രൂസിനെതിരായ ആക്രമണങ്ങളിൽ സിറിയൻ സർക്കാർ സൈന്യം യാതൊരു ഇടപെടലും നടത്താത്ത സാഹചര്യത്തിലാണ് ഇസ്രായേലിന്റെ ഇടപെടൽ. എന്ത് വിലകൊടുത്തും തങ്ങൾ ഡ്രൂസിനെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും വ്യക്തമാക്കി.
സിറിയയിലെ ഡ്രൂസ് ന്യൂനപക്ഷവും സുന്നി മുസ്ലീം ബെഡൂയിൻ ഗോത്രങ്ങളും തമ്മിൽ ഏതാനും ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലിൽ നൂറുകണക്കിന് പേരാണ് ഇതുവരെ മരിച്ചത്. സുന്നി മുസ്ലിം വിഭാഗത്തിന് അനുകൂലമായി സിറിയൻ സൈന്യം നിലകൊള്ളുന്നതിനാൽ ന്യൂനപക്ഷമായ ഡ്രൂസിന് വേണ്ടി പ്രതിരോധത്തിനായാണ് ഇസ്രായേൽ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡമാസ്കസിലും സ്വീഡയിലും ഉൾപ്പെടെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. സ്വീഡ പ്രദേശത്തുള്ള സിറിയൻ ഭരണകൂടത്തിന്റെ സൈന്യത്തെ “ഉടൻ ആക്രമിക്കാൻ” ഉത്തരവിട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഡമാസ്കസ് സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള ലക്ഷ്യത്തിലും ഇസ്രായേൽ ആക്രമണം നടത്തി. “ഇസ്രായേലിലെ നമ്മുടെ ഡ്രൂസ് പൗരന്മാരുമായുള്ള ആഴത്തിലുള്ള സഹോദര സഖ്യവും സിറിയയിലെ ഡ്രൂസുമായുള്ള അവരുടെ കുടുംബപരവും ചരിത്രപരവുമായ ബന്ധവും കാരണം സിറിയയിലെ ഡ്രൂസിന് ദോഷം സംഭവിക്കുന്നത് തടയാൻ തന്റെ രാജ്യം പ്രതിജ്ഞാബദ്ധമാണ്” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ ബാഷർ അസദിനെ പുറത്താക്കിയതിനുശേഷം അധികാരത്തിലേറിയ പുതിയ സിറിയൻ ഭരണകൂടത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോൾ ഇസ്രായേൽ ആക്രമണത്തിലൂടെ ഉണ്ടായിരിക്കുന്നത്.
Leave a Comment