11 ാം നൂറ്റാണ്ടിലെ പുരാതന ശിവക്ഷേത്രം നവീകരിക്കാൻ 138 കോടി രൂപ അനുവദിച്ച് ഷിൻഡെ സർക്കാർ; പുതുമോടിയണിയുന്നത് താനെയിലെ അംബർനാഥ് ക്ഷേത്രം; ഒരുങ്ങുന്നത് കാശി മാതൃകയിൽ ക്ഷേത്രനഗരം

Published by
Brave India Desk

കല്യാൺ: മഹാരാഷ്ട്ര താനെയിലെ പുരാതനമായ അംബർനാഥ് ശിവക്ഷേത്രത്തിന്റെ നവീകരണത്തിന് 138 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ. കല്യാൺ എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെ ആശയത്തിലാണ് പദ്ധതി തയ്യാറായിരിക്കുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാൽദൂനി നദീതീരത്ത് കാശി മാതൃകയിൽ സ്‌നാനഘാട്ടുകളും ആരതി നടത്താനുളള സ്ഥലവും ഉൾപ്പെടെ നവീകരണത്തിന്റെ ഭാഗമായി ഒരുക്കും.

അംബർ നാഥ് മുൻസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിലാണ് മോടിപിടിപ്പിക്കൽ ജോലികൾ നടക്കുന്നത്. പുരാവസ്തു വകുപ്പും ഇതിന് അനുമതി നൽകിക്കഴിഞ്ഞു. പൗരാണിക വാസ്തുകലയിലെ അത്ഭുതങ്ങളിലൊന്നായി കരുതുന്ന ക്ഷേത്രത്തിൽ അത് കാണാനായി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ഇത് നിലനിർത്തിക്കൊണ്ട് ക്ഷേത്രവും അതിന്റെ പരിസരവും മോടിപിടിപ്പിക്കുന്നതാണ് പദ്ധതി.

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന്റെ രൂപകൽപന ഉൾപ്പെടെ നിർവ്വഹിച്ച ലാൻഡ്‌സ്‌കേപ്പ് ഡിസൈനർ അരുൺ കുമാറിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. ക്ഷേത്ര കവാടം ഉൾപ്പെടെ മോടിപിടിപ്പിക്കും. കവാടത്തിൽ നന്ദിയുടെ പ്രതിമയുണ്ടാകും. പാർക്കിംഗ് സ്ഥലവും എക്‌സിബിഷൻ സെന്ററും നാട്യശാലയും ഒരുക്കും. ക്ഷേത്രത്തിലേക്കുളള റോഡുകളുടെ നവീകരണവും വാൽദൂനി നദിയിൽ സംരക്ഷണ ഭിത്തി ഒരുക്കുന്നതും പദ്ധതിയിലുണ്ട്.

നവീകരണ പ്രവർത്തനങ്ങൾക്ക് കരാർ നൽകുന്നതിനുളള ടെൻഡർ നോട്ടീസ് വൈകാതെ പുറപ്പെടുവിക്കുമെന്ന് ഡോ. ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. നവീകരണ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തോളമെടുത്താണ് പുരാവസ്തു വകുപ്പ് അനുമതി നൽകിയതെന്നും ഇതാണ് നടപടികൾക്ക് കാലതാമസം വന്നതെന്നും എംപി പറഞ്ഞു.

വിനോദസഞ്ചാരികളെയും ഭക്തരെയും ആകർഷിക്കുന്നതിന്റെ ഭാഗമായി ഇക്കുറി ശിവ മന്ദിർ ആർട്ട് ഫെസ്റ്റിവലും ക്ഷേത്രത്തിൽ സംഘടിപ്പിക്കും. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു.

Share
Leave a Comment

Recent News