ആരെങ്കിലും പ്ലാറ്റ്‌ഫോം ദുരുപയോഗിച്ചതിന് ഉടമ എന്ത് പിഴച്ചു; ശക്തമായി പ്രതികരിച്ച് ടെലഗ്രാം

Published by
Brave India Desk

 

പാരിസ്: സ്ഥാപകന്‍ പവേല്‍ ദുരോവിന്റെ അറസ്റ്റില്‍ ഫ്രാന്‍സിനെതിരെ രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ടെലഗ്രാം. പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗത്തില്‍ ഉടമക്കെതിരെ കേസ് എടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്, ഇത് തികച്ചും അസംബന്ധമാണെന്നും പ്രശ്‌നം അതിവേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി.

യൂറോപ്പിലെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന ആപ്പ് ആണ് ടെലഗ്രാം, ഇന്നലെയാണ് ടെലഗ്രാം സിഇഒ പവേല്‍ ദുരോവ് ഫ്രാന്‍സില്‍ വച്ച് അറസ്റ്റിലായത്. ടെലഗ്രാമിനെ ക്രിമിനലുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന കേസിലാണ് അറസ്റ്റ് എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്നും ആരോപിക്കപ്പെടുന്നു.

പാരീസിനടുത്തുള്ള ലെ ബൂര്‍ഗെറ്റ് വിമാനത്താവളത്തില്‍ വെച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഭീഷണിപ്പെടുത്തല്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് അറസ്റ്റ് എന്ന് മറ്റൊരു വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

പവേല്‍ ദുരോവും സഹോദരന്‍ നിക്കോലായും ചേര്‍ന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്. 900 മില്യണ്‍ ആക്റ്റീവ് യൂസര്‍മാര്‍ ടെലഗ്രാമിന് ഇപ്പോഴുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ ടെലഗ്രാം വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ശ്രദ്ധയാകര്‍ഷിച്ചത്.

 

Share
Leave a Comment

Recent News