ന്യൂയോർക്ക് : എയർ ഇന്ത്യ വിമാനം AI 171 തകർന്നതിന് കാരണമായി പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത് വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്നമാണെന്നാണ്. ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്നം ഉള്ളതായി യുഎസ് ഫെഡറൽ ഏവിയേഷൻ (എഫ്‌എഎ) അഡ്മിനിസ്ട്രേഷൻ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നതായാണ് ഇപ്പോൾ വെളിപ്പെടുന്നത്. ഏഴു വർഷങ്ങൾക്കു മുൻപ് തന്നെ എഫ്‌എഎ ഇക്കാര്യത്തെക്കുറിച്ച് ബോയിംഗിന് ഉൾപ്പെടെ സൂചന നൽകിയിരുന്നു.
2018 ഡിസംബറിൽ യുഎസ് ഏവിയേഷൻ റെഗുലേറ്റർ ഒരു പ്രത്യേക എയർവർത്തിനസ് ഇൻഫർമേഷൻ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ബോയിംഗ് വിമാനങ്ങളുടെ ഈ പ്രശ്നത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. ചില ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ലോക്കിംഗ് സവിശേഷത വേർപെടുത്തി സ്ഥാപിച്ചിട്ടുണ്ടെന്ന് ഈ ബുള്ളറ്റിനിൽ പരാമർശം ഉണ്ട്. എന്നാൽ എഫ്എഎയുടെ ബുള്ളറ്റിൻ ഉപദേശകവും നിർബന്ധിതമല്ലാത്തതുമായതിനാൽ ഈ വിമാനങ്ങൾ ഉപയോഗിക്കുന്ന വിമാന കമ്പനികൾ ശുപാർശ ചെയ്ത പരിശോധനകൾ നടത്തിയില്ല എന്നാണ് വ്യക്തമാവുന്നത്.
യുഎസ് ഫെഡറൽ ഏവിയേഷന്റേത് ഒരു ഉപദേശം മാത്രമായതിനാൽ, ഇത് സുരക്ഷിതമല്ലാത്ത ഒരു അവസ്ഥയായി കണക്കാക്കിയിരുന്നില്ല. അതിനാൽ, ഒരു ഉൽപ്പന്നത്തിലെ സുരക്ഷിതമല്ലാത്ത അവസ്ഥകൾ ശരിയാക്കുന്നതിന് നിയമപരമായി നടപ്പിലാക്കാവുന്ന ഒരു നിയന്ത്രണമായ എയർവർത്തിനസ് ഡയറക്റ്റീവ് എയർ ഇന്ത്യ ഉൾപ്പെടെ ഈ പ്രത്യേക ജെറ്റുകൾ ഉപയോഗിക്കുന്ന വിമാന കമ്പനികൾ പുറപ്പെടുവിച്ചില്ല. ജൂൺ 12 ന് 260 പേരുടെ മരണത്തിനിടയാക്കിയ തകർന്ന എയർ ഇന്ത്യയുടെ VT-ANB ഉൾപ്പെടെയുള്ള ബോയിംഗ് 787-8 ജെറ്റുകളിലും ഇതേ സ്വിച്ച് ഡിസൈൻ ആണ് ഉപയോഗിക്കുന്നത്.
വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്നത് ഈ സ്വിച്ചുകളാണ്. പൈലറ്റുമാർ നിലത്ത് എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യാനോ ഷട്ട് ഓഫ് ചെയ്യാനോ ഇവ ഉപയോഗിക്കുന്നു. ആകാശത്ത് എഞ്ചിൻ തകരാറുണ്ടായാൽ എഞ്ചിനുകൾ ഷട്ട് ഓഫ് ചെയ്യാനോ റീസ്റ്റാർട്ട് ചെയ്യാനോ ആയും ഇവ ഉപയോഗിക്കുന്നു. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം വിമാനം പറന്നുയർന്ന്, ലിഫ്റ്റ് ഓഫ് ചെയ്തതിന് മൂന്ന് സെക്കൻഡുകൾക്ക് ശേഷം വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ “RUN” എന്നതിൽ നിന്ന് “CUTOFF” എന്ന സ്ഥാനത്തേക്ക് മാറിയതായി അന്വേഷണസംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post