260 പേരുടെ മരണത്തിന് കാരണമായ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ കാരണം ബോയിങ് വിമാനത്തിലെ ഫ്യുവൽ സ്വിച്ചുകൾ ഓഫായിരുന്നതിനാലാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ എൻജിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന സ്വിച്ചുകളാണിവ. അപകട സമയത്ത് വിമാനത്തിന്റെ രണ്ട് എൻജിനുകളും ഓഫായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിമാനദുരന്തത്തിനു പിന്നിൽ പൈലറ്റിന്റെ കയ്യബദ്ധമാണോയെന്ന സംശയം ഉയർത്തുന്ന രീതിയിലാണ് എഎഐബിയുടെ റിപ്പോർട്ട്.
വിമാനം പറന്നുയർന്ന ഉടൻ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായത്, എന്നാൽ അതെങ്ങനെ ഓഫ് ആയി എന്നതാണ് ഉയരുന്ന ചോദ്യം. വിമാനത്തിലെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതതെന്ന് ഒരു പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് സഹ പൈലറ്റ് മറുപടിയും നൽകുന്നുണ്ട്. എന്നാൽ ഈ ശബ്ദം ഏത് പൈലറ്റുമാരുടേതാണെന്ന് വേർതിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതിദുരൂഹത ഉയർത്തുന്ന രീതിയിലുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത്.
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതോടെ പറന്നുയരാൻ ശക്തി കിട്ടാതെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്തത് സഹപൈലറ്റ് ആണ്. ക്യാപ്റ്റൻ അത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ട് എൻജിനുകളിലേക്കുമുള്ള സ്വിച്ചുകളും ഒരു സെക്കൻഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇന്ധനവിതരണം നിലച്ചതിനെത്തുടർന്ന് ഇരു എൻജിനുകളുടേയും ശക്തി നഷ്ടപ്പെട്ടു. സ്വിച്ച് ഉടൻ തന്നെ പൂർവസ്ഥിതിയിലേക്ക് മാറ്റിയെന്നും ഒരു എൻജിൻ ഉടൻതന്നെ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. നാലു സെക്കൻഡിനുശേഷം രണ്ടാമത്തെ സ്വിച്ചും തിരികെ ഓണാക്കി. എന്നാൽ രണ്ടാമത്തെ എൻജിന് ആവശ്യത്തിന് ശക്തി ലഭിച്ചില്ല. ഇതാണ് വിമാനം താഴേക്കുപോകാൻ കാരണമായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
600 അടി ഉയരത്തിൽ എത്തിയപ്പോഴാണ് വിമാനത്തിന്റെ എൻജിനുകൾ പ്രവർത്തിക്കുന്നില്ല എന്ന് ബോധ്യമായത്. അങ്ങനെ സംഭവിക്കുമ്പോൾ എൻജിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ പെട്ടെന്ന് ഓഫാക്കുകയും ഓണാക്കുകയുമാണ് സാധാരണ ചെയ്യുന്നത്. എന്നാൽ വിമാനം 600 അടി ഉയരത്തിൽ എത്തിയ സമയത്ത് ഈ സ്വിച്ചുകൾ കട്ട് ഓഫ് പൊസിഷനിൽ ആയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്
Discussion about this post