കൊച്ചി: പ്രവാസിയായ മകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ദുബായിലെ മുറിയില്‍ ഒപ്പം താമസിക്കുന്നവര്‍ മനുവിനെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് അമ്മ സരസ്വതി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മനു താമസമുറിയിലെ ബെര്‍ത്തില്‍ നിന്ന് വീണ് മരിച്ചുവെന്ന് കുടുംബത്തിന് കമ്പനിയില്‍ നിന്ന് അറിയിപ്പ് വരുന്നത്. കുമ്പളങ്ങി സ്വദേശിയാണ് മനു.
ദുബായിയിലെ പ്രിന്റ് പാക് എന്ന കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു മനു. കഴിഞ്ഞ ശനിയാഴ്ച മുറിയിലുള്ള ചിലരുമായി തര്‍ക്കമുണ്ടായി. അപ്പോള്‍ തന്നെ മകന്‍ അമ്മയെ വിളിച്ച് സങ്കടം പറഞ്ഞു.അമ്മ ആശ്വസിപ്പിച്ചു. പിറ്റേന്ന് മനു മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. മുറിയിലെ കട്ടിലിലെ മുകളിലെ ബെര്‍ത്തില്‍ നിന്ന് വീണ് മരിച്ചെന്നാണ് കമ്പനിയില്‍ നിന്നുള്ള അറിയിപ്പ്. മനുവുമായി തര്‍ക്കമുണ്ടായ മലപ്പുറം സ്വദേശിയുടെ പങ്ക് ഉള്‍പ്പടെ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നാട്ടിലെത്തി ലോക്ഡൗണിന് രണ്ടാഴ്ച മുന്‍പാണ് മനു തിരികെ ദുബായിലേക്ക് മടങ്ങിയത്. യുവാവിന്റെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും,നോര്‍ക്ക ഡിജിപിക്കും പരാതി നല്‍കി. അമ്മയും സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മനു.











