കോട്ടയം: പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം ആലപിക്കുന്നത് തടയാൻ ശ്രമിച്ചയാളെ വേദിയിൽ നിന്നും ഇറക്കിവിട്ട് മതസൗഹാർദ്ദത്തിന്റെ മാതൃക തീർത്ത് പള്ളിക്കമ്മിറ്റിയും വിശ്വാസികളും. പാലാ കിഴപറയാർ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നൂറാം പെരുന്നാൾ ആഘോഷങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പള്ളി അധികൃതരെയും നാട്ടുകാരെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയിൽ ഗായകൻ റഷീദ് പ്രശസ്തമായ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനം ആലപിക്കുന്നതിനിടെയാണ് ഒരാൾ വേദിയിലേക്ക് കയറിവന്ന് പാട്ട് തടസ്സപ്പെടുത്തിയത്. അയ്യപ്പഭക്തിഗാനത്തിന് പകരം ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ, ഗാനം നിർത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇയാളുടെ അപ്രതീക്ഷിത ഇടപെടലിനെതിരെ സദസ്സിലുണ്ടായിരുന്ന വിശ്വാസികളും നാട്ടുകാരും ഒന്നടങ്കം പ്രതിഷേധിക്കുകയും ബഹളം വെക്കുകയുമായിരുന്നു.
സ്ഥിതിഗതികൾ വഷളാകുന്നത് കണ്ടതോടെ വേദിയിലുണ്ടായിരുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികളും സംഘാടകരും ഉടൻ ഇടപെടുകയും പാട്ട് തടസ്സപ്പെടുത്തിയ ആളെ വേദിയിൽ നിന്നും പുറത്തേക്ക് മാറ്റുകയും ചെയ്തു. മണ്ഡലകാലം കൂടിയായതിനാൽ നിരവധി അയ്യപ്പഭക്തർ ഉൾപ്പെടെയുള്ള നാട്ടുകാർ തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു സംഭവം. പാട്ട് തടസ്സപ്പെടുത്തിയ ആൾ പ്രദേശവാസിയല്ലെന്നും പുറത്തുനിന്നെത്തിയ ആളാണെന്നുമാണ് പ്രാഥമിക വിവരം.
തുടർന്ന് പള്ളി വികാരി നേരിട്ട് ഇടപെടുകയും, വേദിയിൽ കൂടുതൽ അയ്യപ്പഭക്തിഗാനങ്ങൾ ആലപിക്കാൻ ഗായകനോട് ആവശ്യപ്പെടുകയുമായിരുന്നു. വികാരിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഗായകൻ റഷീദ് ‘പമ്പാഗണപതി’ ഉൾപ്പെടെ അഞ്ച് അയ്യപ്പഭക്തിഗാനങ്ങളാണ് പിന്നീട് വേദിയിൽ ആലപിച്ചത്. വൻ ഹർഷാരവങ്ങളോടെയാണ് സദസ്സ് ഈ ഗാനങ്ങളെ ഏറ്റെടുത്തത്. കേരളത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യം ഉയർത്തിപ്പിടിച്ച കിഴപറയാർ പള്ളിക്കമ്മിറ്റിയുടെയും വികാരിയുടെയും നിലപാടിന് വലിയ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.












