കോട്ടയം: ചങ്ങനാശേരി ബൈപാസിൽ കഴിഞ്ഞ ദിവസം റേസിംഗ് ബൈക്ക് ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ അപകടം സൃഷ്ടിച്ച ബൈക്ക് സംഭവ സമയത്ത് 145 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ബൈക്ക് ഓടിച്ചിരുന്ന ശരത്തിന്റെ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് വേഗം സംബന്ധിച്ച വിവരം ലഭിച്ചത്.
അപകടത്തിൽ പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന് ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന് (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. കച്ചവടാവശ്യത്തിനായി മുരുകന് ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചു വീണാണ് മരിച്ചത്.
ചങ്ങനാശേരി ബൈപ്പാസില്‍ ഇത്തരം അഭ്യാസങ്ങൾ പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നേരത്തെ 150 കിലോമീറ്റർ വേഗത്തിൽ ബൈക്ക് പറത്തി ഈ ചിത്രമെടുത്ത് ശരത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പ്രദേശത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യാനും പരിശോധനകൾ കർശനമാക്കാനും എസ് പി നിർദേശം നൽകി.
അപകടത്തിൽ മരിച്ച പി എസ് ശരത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൂന്ന് ബൈക്കുകളിലാണ് യുവാക്കൾ ബൈപാസിൽ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തു.












