കാസർകോട്: അയൽവീട്ടിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽവാസി ജീവനൊടുക്കി. പനയാൽ പെരിയാട്ടടുക്കം നീരാറ്റി തൊട്ടിയിലെ ബാലകൃഷ്ണനെയാണ് (58) വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരു വിരാജ്പേട്ട സ്വദേശിയായ ബാലകൃഷ്ണൻ വർഷങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. മോഷണം നടന്ന വീട്ടിൽ നിന്ന് മണം പിടിച്ച പൊലീസ് നായ ഇയാളുടെ വീടിന് സമീപത്തേക്കാണ് ഓടിയെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് നാടിനെ നടുക്കിയ മോഷണവും തുടർന്നുള്ള ദാരുണമായ മരണവും സംഭവിച്ചത്.മോഷണം നടന്ന വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ മാത്രം അകലെയാണ് ബാലകൃഷ്ണന്റെ വീട് സ്ഥിതി ചെയ്യുന്നത്.രാവിലെ പ്രഭാതസവാരിക്കായി പോയ സമയത്ത് വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി അയൽവാസിയായ ധന്യ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. 2 പവന്റെ വളയും 3 പവന്റെ ബ്രേസ്‌ലെറ്റും 3,000 രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്.
ധന്യ പ്രഭാതസവാരിക്ക് ഇറങ്ങിയ സമയത്ത് മകൾ വീടിന്റെ മുകൾനിലയിൽ ഉറങ്ങുകയായിരുന്നു. അതിനാൽ പുറത്തുനിന്ന് വീട് പൂട്ടിയ ശേഷം താക്കോൽ വൈദ്യുതി മീറ്റർ ബോക്സിനുള്ളിൽ വെച്ചിട്ടാണ് ധന്യ പോയത്. വീടിന്റെ സാഹചര്യങ്ങൾ കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മീറ്റർ ബോക്സിൽ നിന്ന് താക്കോലെടുത്ത് വീട് തുറന്ന് സ്വർണ്ണവും പണവും കവർന്ന ശേഷം, മോഷ്ടാവ് താക്കോൽ തിരികെ മീറ്റർ ബോക്സിൽ തന്നെ വെച്ചാണ് കടന്നുകളഞ്ഞത്. സവാരി കഴിഞ്ഞ് തിരികെയെത്തിയ ധന്യ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടതോടെ ഉടൻ തന്നെ ബേക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തുടർന്ന് മോഷണം നടന്ന വീട്ടിൽ നിന്ന് മണം പിടിച്ച പൊലീസ് നായ ഓടിയെത്തിയത് ബാലകൃഷ്ണന്റെ വീടിന് സമീപത്തെ ഇടവഴിയിലേക്കാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക വിവരശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി പൊലീസ് ബാലകൃഷ്ണനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക സമ്മർദ്ദത്തിലായ ബാലകൃഷ്ണൻ വീടിന് സമീപത്തെ പറമ്പിൽ ജീവനൊടുക്കുകയായിരുന്നു എന്നാണ് സൂചന. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മോഷണക്കേസിലും അസ്വാഭാവിക മരണത്തിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷമമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ധ സഹായം തേടുക. ദിശ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056)











