പ്രവാസി വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി (KMCC) രംഗത്ത്. പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് കെ.എം.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ തുറന്നടിച്ചു. പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണം മാസങ്ങളായി മുടങ്ങിയതിനെ ഒരുതരത്തിലും നീതീകരിക്കാനാകില്ലെന്നും, ‘നോർക്ക കെയർ’ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിലെ കുത്തനെയുള്ള പ്രീമിയം വർദ്ധനവിൽ സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ നിയമനമടക്കമുള്ള സുപ്രധാന പ്രവാസി വിഷയങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടയിലാണ് പ്രവാസികളുടെ ഏക ആശ്രയമായ പ്രവാസി പെൻഷൻ മുടങ്ങിയതും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ പലമടങ്ങ് വർദ്ധിപ്പിച്ചതും. പ്രവാസികളെ തഴഞ്ഞുകൊണ്ടല്ല ഇൻഷുറൻസ് കമ്പനികളുടെ നഷ്ടം നികത്തേണ്ടതെന്നും, ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനല്ല സർക്കാർ മുൻഗണന നൽകേണ്ടതെന്നും പുത്തൂർ റഹ്മാൻ രൂക്ഷമായി വിമർശിച്ചു. പ്രവാസികളെ കണ്ണീരിലാഴ്ത്തുന്ന ഇത്തരം സമീപനങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോർക്ക ഇൻഷുറൻസ് പ്രീമിയം വർദ്ധനവിലും പെൻഷൻ മുടങ്ങിയതിലും കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനകളായ ഇൻകാസ് (INCAS), ഒ.ഐ.സി.സി (OICC) എന്നിവർക്കിടയിലും കടുത്ത അമർഷവും പ്രതിഷേധവുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിംലീഗിന്റെ സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്ന പ്രമുഖ നേതാവാണ് പുത്തൂർ റഹ്മാൻ. പാണക്കാട് കുടുംബവുമായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് തന്നെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 40-ലധികം രാജ്യങ്ങളിലെ കെ.എം.സി.സി പ്രവർത്തകരുടെയും പ്രവാസി സമൂഹത്തിന്റെയും കടുത്ത പ്രതിഷേധം മനസ്സിലാക്കിയാണ് സർക്കാരിനെതിരായ ഈ തുറന്നുപറച്ചിലെന്നാണ് വ്യക്തമാകുന്നത്.












