തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയായ ഇ – സഞ്ജീവനി പോർട്ടലിൽ കയറി വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ മണലൂർ എട്ടാം വാർഡിൽ കെ. ആർ. സഞ്ജയ് (25) ആണ് അറസ്റ്റിലായത്. ഇയാൾ വനിതാ ഡോക്ടർമാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
നഗ്നത പ്രദർശനവുമായി ബന്ധപ്പെട്ട്, വിവിധ ജില്ലകളിലെ ഡോക്ടർമാർ പരാതി നൽകിയിരുന്നു. കോവിഡ് ബാധിതനെന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഇയാൾ ഓൺലൈനിലെത്തുന്ന ഡോക്ടർമാരെ സ്ഥിരം ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. പ്രതി ഇ-സഞ്ജീവനി പോർട്ടലിൽ കയറാൻ ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
പരാതി നൽകിയ ഡോക്ടർ പ്രതിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നും പ്രതിക്കെതിരെ പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെയാണ് പ്രതി വിവിധ ജില്ലകളിലെ പതിനഞ്ചോളം വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.












