ഓയൂര്‍: പെട്രോൾ പമ്പിൽ നിന്നും വാഹനങ്ങളിൽ നിറച്ച് നൽകിയത് വെള്ളം കലർന്ന പെട്രോൾ. കൊല്ലം ഓയൂർ വെളിയം മാവിള ജങ്ഷനിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നാണ് വെള്ളം അമിതമായി കലർന്ന പെട്രോൾ അടിച്ച് നൽകിയത്. നിരവധി വാഹനങ്ങളുടെ എന്ജിന് തകരാറിലായതായി ആരോപണം. പരാതികളും പ്രതിഷേധങ്ങളും വ്യാപകമായതിന് പിന്നാലെ പമ്പ് പൊലീസ് അടപ്പിച്ചു.
കഴിഞ്ഞ ദിവസം ഈ പമ്പിൽ നിന്ന് പെട്രോള്‍ അടിച്ച നിരവധി വാഹനങ്ങള്‍ യാത്രക്കിടയില്‍ നിന്നുപോയി. തുടര്‍ന്ന് വാഹനങ്ങള്‍ വര്ക്ക്ഷോപ്പുകളിലെത്തിച്ചപ്പോഴാണ് ടാങ്കില്‍ വെള്ളം കണ്ടെത്തിയത്. എന്നാല്‍, എവിടെ നിന്നാണ് വണ്ടിയുടെ ടാങ്കില്‍ വെള്ളം കയറിയതെന്ന് മനസ്സിലായിരുന്നില്ല.
വൈകീട്ട് പൊലീസ് ഉദ്യോഗസ്ഥന് ഈ പമ്പിൽ നിന്ന് ബൈക്കില്‍ പെട്രോള്‍ അടിച്ച് ഒരു കിലോമീറ്റര്‍ പിന്നിടുന്നതിനു മുമ്പേ വാഹനത്തിന്റെ പെട്രോള്‍ തീര്‍ന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെട്രോളിനു പകരം വെള്ളമാണ് പമ്പിൽ നിന്ന് അടിച്ചതെന്ന് കണ്ടെത്തി. വിവരം പൂയപ്പള്ളി സ്റ്റേഷനില്‍ അറിയിക്കുകയും പമ്പ് അടപ്പിക്കുകയും ചെയ്തു












