തിരുവനന്തപുരം: കുഞ്ഞിനെ തട്ടിയെടുത്തുവെന്ന പരാതിയിൽ സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്. ജയചന്ദ്രനെതിരെ പോലീസ് കേസ്സെടുത്തു. തങ്ങളുടെ എതിർപ്പ് അവണിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെതിരെയാണ് കുഞ്ഞിനെ ഒളിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറായത്. മുൻ എസ്.എഫ്.ഐ നേതാവ് അനുപമയുടെ പരാതിയിലാണ് പിതാവ് പി.എസ്. ജയചന്ദ്രൻ , മാതാവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവർക്കെതിരെ കേസെടുത്തത്. അനുപമയുടെ സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് അരുൺ, ജയചന്ദ്രൻറെ സുഹൃത്തുക്കളും സി.പി.എം പ്രാദേശിക നേതാക്കളുമായ രമേശൻ, അനിൽകുമാർ എന്നിവർക്കെതിരെയും പേരൂർക്കട പോലീസ് കേസെടുത്തിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തുമായി ഒരുമിച്ച് ജീവിക്കാൻ അനുപമ ആഗ്രഹിച്ചിരുന്നു. ദലിത് ക്രിസ്ത്യനായിരുന്ന അജിതുമായുള്ള ബന്ധത്തെ അനുപമയുടെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ കഴിഞ്ഞ വർഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്കി. ശേഷം, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.
പിന്നീട് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയായിരുന്നുവത്രെ. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷാകർത്താക്കള് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം.തന്‍റെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ നേരത്തെ സി.പി.എം നേതാക്കളെ കണ്ട് പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാൻ തയാറായില്ലെന്ന് അനുപമ പറഞ്ഞു. പാർട്ടിയിൽ നിന്ന് സഹായമൊന്നും ലഭിക്കാതായതോടെ ഡി.ജി.പിക്കടക്കം പരാതി നൽകിയിരുന്നു. എന്നാൽ, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായ ശേഷമാണ് പോലീസ് കേസെടുക്കാൻ തയാറായതെന്നാണ് അനുപമ പറയുന്നത്. കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
എന്നാൽ, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്പിച്ചതെന്നാണ് ജയചന്ദ്രൻ പറയുന്നത്.നേരത്തെ വിവാഹിതനായിരുന്ന അജിത് കഴിഞ്ഞ ജനുവരിയിൽ ആണ് വിവാഹ മോചിതനായത്. കഴിഞ്ഞ മാർച്ച് മുതൽ അജിതും അനുപമയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഏപ്രില്‍ 19നാണ് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ, കേസെടുക്കാൻ പോലീസ് തയാറായില്ലെന്നും അനുപമ പരാതി പറയുന്നു. അനുപമയുടെ പരാതി സ്വീകരിക്കാനാകില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.












