തിരുവല്ല: സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ പരാതി നല്കിയ യുവതിക്കെതിരെ പാര്‍ട്ടി നടപടി. വനിതാ പ്രവര്‍ത്തകയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. എന്നാൽ മറ്റൊരു പരാതിയിന്മേലാണ് നടപടിയെന്നാണ് പാര്‍ട്ടി വിശദീകരണം. യുവതിക്കെതിരെ മഹിളാ അസോസിയേഷന് പരാതി നല്കിയ സാഹചര്യത്തില്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതാണെന്ന് സി.പി.ഐ.എം ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
എന്നാല്‍ പീഡനം സംബന്ധിച്ച് പാര്‍ട്ടിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് നേതൃത്വം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പങ്ക് ഉണ്ടെന്ന് വ്യക്തമായാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഏരിയാ സെക്രട്ടറി അറിയിച്ചു. യുവതിയെ പീഡിപ്പിച്ച് നഗ്ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സി.പി.എം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോന്‍ എതിരെ പൊലീസ് കേസെടുത്തിരുന്നു. നഗ്ന ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പരാതിയിലായിരുന്നു കേസെടുത്തത്. പീഡനം, നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഇയാള്‍ക്ക് പുറമേ ഡിവൈഎഫ്ഐ നേതാവ് നാസറിനെതിരെയും തിരുവല്ല പോലീസില്‍ പരാതി ലഭിച്ചിരുന്നു. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തത്. സജിമോന്‍ മുമ്പും ഒരു യുവതിയെ പീഡിപ്പിച്ച കേസിലും, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആയിരുന്ന സജിമോനെ കേസിനെ തുടര്‍ന്ന് പാര്‍ട്ടി തരംതാഴ്ത്തുകയായിരുന്നു.











