ബംഗലൂരു: മതപരിവർത്തനം നിരോധിക്കരുത് എന്നാവശ്യപ്പെട്ട് കർണാടകയിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം. മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബി.ജെ.പി സർക്കാർ നീക്കത്തിനെതിരെയാണ് ക്രിസ്ത്യൻ സംഘടനകൾ തെരുവിൽ പ്രതിഷേധിച്ചത്. ഓള് കര്‍ണാടക യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിെൻറ നേതൃത്വത്തില്‍ ബംഗളൂരു പുലികേശിനഗര്‍ സെൻറ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രൽ മൈതാനത്താണ് യോഗം നടന്നത്.
യോഗത്തിൽ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ബാലേഗാവിയിൽ 13ന് ആരംഭിക്കുന്ന നിയമസഭ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്ലിനെ ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം എതിര്‍ക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ പറഞ്ഞു.
ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഒരുമിക്കണമെന്നും ക്രൈസ്തവ സംഘടനകൾ ആഹ്വാനം ചെയ്തു. നിർബ്ബന്ധിത മതപരിവർത്തനം നിരോധിക്കാൻ നിയമം കൊണ്ടു വരുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഹൊസദുർഗയിൽ ഉൾപ്പെടെ നടന്ന നിർബ്ബന്ധിത മതപരിവർത്തനങ്ങൾ ബിൽ എത്രയും വേഗം കൊണ്ടു വരാൻ സർക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു.











