ന്യൂഡൽഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് കോടതി. അഭയ കേസിൽ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇരയോ പ്രതിയോ എന്നത് പരിശോധനയ്ക്ക് ന്യായീകരണമല്ല. നടപടികൾ പൂർത്തിയായാൽ സെഫിക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
അഭയകേസിൽ 2008 ൽ സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരെയാണ് വിധി. ക്രിമിനൽ കേസിൽ പ്രതിയാണെന്ന് കരുതി കന്യകാത്വ പരിശോധന നടത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ കേസിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം സിബിഐയ്ക്കെതിരെ സെഫിയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കന്യകാത്വ പരിശോധനയ്ക്കെതിരെ നടത്തിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
നേരത്തെ അഭയകേസിൽ മൂന്നാം പ്രതിയായ സിസ്റ്റർ സെഫി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. 2008 നവംബറിൽ നടത്തിയ പരിശോധനയ്ക്ക് മുന്നോടിയായി താൻ കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിക്കുവാനായി സർജറി നടത്തിയെന്നും ഇത് വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞുവെന്നും അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.












