കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ 14 വർഷത്തിന് ശേഷം എറണാകുളം പ്രത്യേക സി.ബി.ഐ കോടതി സുപ്രധാന വിധി പ്രസ്താവിച്ചു. കേസിലെ 32-ാം പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, 33-ാം പ്രതിയായ സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പേരെ കോടതി കുറ്റവിമുക്തരാക്കി. ഇവർക്കെതിരെ സി.ബി.ഐ ചുമത്തിയ ഗൂഢാലോചന കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം, കേസിലെ ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി പി.വി. മനോഹരൻ, പത്താം പ്രതി എം.പി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നീ ഏഴ് പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ, പതിനാറാം പ്രതി കെ.വി. സജിത്ത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയാറാം പ്രതി എം.വി. പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി പി.കെ. അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികൾ. ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണയ്ക്കിടെ രണ്ട് പ്രതികൾ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം സ്വദേശിയായ 18-കാരൻ അരിയിൽ ഷുക്കൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ അരിയിലിൽ വെച്ചുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായി ഷുക്കൂറിനെ രണ്ടര മണിക്കൂറോളം തടഞ്ഞുവെച്ച് പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ച് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന വാദം കോടതി തള്ളിയ സാഹചര്യത്തിൽ, വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.












