കണ്ണൂർ: ഉത്സവപറമ്പിലെ ലേലത്തിൽ ആവേശം മൂത്തതോടെ പൊന്നും വിലയായത് പൂവൻകോഴിയ്ക്ക്. നാലു കിലോ തൂക്കം വരുന്ന നല്ല നാടൻ പൂവൻകോഴി 34,000 രൂപയ്ക്കാണ് ലേലത്തിൽപോയത്. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിലേലത്തുക കുതിച്ചുയർന്നത്.
10 രൂപയിൽ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും ഏറിയതോടെ 20,000ത്തിൽ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകർ 1,000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകൾ സംഘങ്ങളായി തിരിഞ്ഞ് രംഗത്തെത്തുകയായിരുന്നു.
തെയ്യത്തിന്റെ പുറപ്പാട് തുടങ്ങാൻ സംഘാടകർ നിശ്ചയിച്ച സമയമായതോടെ റെക്കോഡ് തുകയായ 34,000 രൂപയ്ക്ക് ലേലം ഉറപ്പിച്ച് ടീം ഇളന്നീർ എഫ്.ബി. കൂട്ടായ്മ പൂവൻകോഴിയെ സ്വന്തമാക്കുകയായിരുന്നു.
ഇതിന് മുൻപും പൊന്നുംവിലയ്ക്ക് പൂവൻകോഴി ലേലത്തിൽ പോയിട്ടുണ്ടെങ്കിലും 34,000 രൂപയ്ക്ക് കോഴി ലേലത്തിൽ പോവുന്നത് ഇത് ആദ്യമായാണെന്ന് സംഘാടകസമിതി അംഗങ്ങൾ പറയുന്നു.












