പറവൂർ: ചിറ്റാറ്റുകരയിലെ ഇറച്ചിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ച 250 കിലോ പഴകിയ ഇറച്ചി പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇറച്ചി പിടിച്ചെടുത്തത്. പോത്ത്, കാള തുടങ്ങിയവയുടെ മാംസത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. പറവൂർ-മൂത്തക്കുന്നം റോഡിൽ പറവൂർ പാലത്തിന് സമീപത്തായി ഇറച്ചിക്കട നടത്തി വന്നിരുന്ന കാഞ്ഞിരപ്പറമ്പിൽ നാഫലിന്റെ കടയിൽ നിന്നാണ് പഴകിയ മാംസം പിടിച്ചെടുത്തത്.
ഇവിടെ നിന്ന് ഇറച്ചി വാങ്ങിയ വീട്ടമ്മ, പാചകം ചെയ്യുന്നതിനിടെ അതിൽ നിന്ന് പുഴു പുറത്ത് വരുന്നത് കണ്ടു. ഇവർ ഉടനെ തന്നെ പഞ്ചായത്തിൽ വിളിച്ച് പരാതിപ്പെടുകയും, അവർ ആരോഗ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയുമായിരുന്നു. ദിവസങ്ങളോളം പഴകിയ ഇറച്ചിയും അല്ലാത്തതും കൂട്ടിച്ചേർത്താണ് ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. ലൈസൻസില്ലാതെ പ്രവർത്തിച്ച് വന്നിരുന്ന കട അധികൃതർ പൂട്ടിച്ചു.












