തേങ്ങയെ കാർഷികോൽപ്പന്ന വർഗ്ഗീകരണ പ്രകാരം ‘എണ്ണക്കുരു’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതിനാൽ പഴം-പച്ചക്കറി വിപണിയിൽ വിൽക്കാൻ അനുവദിക്കാനാകില്ലെന്നും അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ നിരീക്ഷണം. പച്ചത്തേങ്ങ ഒരു പഴമായി കഴിക്കാറുണ്ട് എന്നതുകൊണ്ട് മാത്രം വാണിജ്യ ആവശ്യങ്ങൾക്കായി തേങ്ങ എന്ന ഉൽപ്പന്നത്തെ പൂർണ്ണമായും പഴവർഗ്ഗമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അലോക് മാത്തൂർ, ജസ്റ്റിസ് അമിതാഭ് കുമാർ റായ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഗാസിയാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മെസേഴ്സ് ത്രീ സ്റ്റാർ ഫ്രൂട്ട് കമ്പനി’ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഇടപെടൽ. സാഹിബാബാദിലെ നവീൻ പഴം-പച്ചക്കറി വിപണിയിൽ പച്ചത്തേങ്ങ വിൽക്കാൻ അനുമതി നൽകണമെന്നും, 1964-ലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ്സ് ആക്ട് ഷെഡ്യൂൾ പ്രകാരം തേങ്ങയെ പഴത്തിന് പകരം എണ്ണക്കുരുവായി തരംതിരിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. 2003 മുതൽ ഈ മാർക്കറ്റിൽ പഴം-പച്ചക്കറി വ്യാപാരം നടത്തിവരുന്ന തങ്ങൾക്ക് മുൻകാലങ്ങളിൽ തേങ്ങ വിൽക്കാൻ അനുമതിയുണ്ടായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ, 1995 ജനുവരി 30-ലെ നിയമഭേദഗതിയിലൂടെ തന്നെ തേങ്ങയെ കാർഷിക എണ്ണക്കുരുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സാഹിബാബാദ് വിപണി പഴം-പച്ചക്കറി വ്യാപാരത്തിന് മാത്രമായി നിശ്ചയിച്ചിട്ടുള്ളതാണ്. അതിനാൽ അവിടെ തേങ്ങ വ്യാപാരം അനുവദിക്കാനാകില്ലെന്നും, പകരം നിശ്ചിത യൂസർ ചാർജ് അടച്ച് ഗാസിയാബാദിലെ ഗോവിന്ദ്‌പുരത്തുള്ള ഭക്ഷ്യധാന്യ വിപണിയിൽ തേങ്ങ വ്യാപാരം നടത്താമെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാരിന്റെ ഈ വാദങ്ങൾ പൂർണ്ണമായും ശരിവെച്ച ഡിവിഷൻ ബെഞ്ച്, ഒരു കാർഷികോൽപ്പന്നത്തിന്റെ വർഗ്ഗീകരണം അതിന്റെ സസ്യശാസ്ത്രപരമായ വശങ്ങളെ മാത്രം അടിസ്ഥാനമാക്കിയല്ല, മറിച്ച് വിപണിയിലുള്ള അതിന്റെ സാധാരണ വാണിജ്യ സ്വത്വത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. പച്ചത്തേങ്ങ, ഇളനീർ, വിളഞ്ഞ തേങ്ങ, കൊപ്ര എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിലാണ് തേങ്ങ വിപണിയിൽ നിലനിൽക്കുന്നത്. പച്ചത്തേങ്ങ പഴമായി ഉപയോഗിക്കാറുണ്ടെങ്കിലും, കൊപ്ര ഉൾപ്പെടെയുള്ള മറ്റ് രൂപങ്ങൾ പ്രധാനമായും എണ്ണ വേർതിരിക്കാനും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ തേങ്ങയെ എണ്ണക്കുരുവായി കണക്കാക്കുന്നതിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജിക്കാരുടെ ആവശ്യം തള്ളുകയായിരുന്നു.









