തിരുവനന്തപുരം : കിഫ്ബിയിലൂടെ ഇനി കൂടുതൽ പദ്ധതികൾ അനുവദിക്കരുതെന്ന് മുൻ മന്ത്രി തോമസ് ഐസക്ക്. കിഫ് ബി അക്ഷയ ഖനിയല്ലെന്നും 50,000 കോടിയുടെ പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിട്ടത് എന്നും തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനം കടക്കെണിയിലാകുകയും കിഫ്ബിക്കെതിരെ പ്രതിപക്ഷം വ്യാപക വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുൻ ധനമന്ത്രി നിലപാട് സ്വീകരിച്ചുകൊണ്ട് രംഗത്തെത്തിയത്.
അതേസമയം കിഫ്ബിയിലൂടെ ഇതുവരെ 20,000 കോടി രൂപയുടെ പദ്ധതി മാത്രമാണ് പൂർത്തിയാക്കിയത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുറന്നടിച്ചു. കിഫ്ബി കേരളത്തിന് അധിക ബാധ്യതയായി നിലനിൽക്കുന്ന സ്ഥാപനമാണ്. അത് വെള്ളാനയായി മാറിക്കഴിഞ്ഞു. കിഫ്ബിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
സിപിഎമ്മിൽ കുറേപേർക്ക് കിഫ്ബി ശരിയല്ലെന്ന് നേരത്തെ അറിയാമായിരുന്നു. പ്രതിപക്ഷം ഇത് ചൂണ്ടിക്കാട്ടിയപ്പോൾ തോമസ് ഐസക്ക് സമ്മതിച്ചില്ല. എന്നാൽ അപ്പോഴത്തെ ധനമന്ത്രി ഇക്കാര്യം പാതി സമ്മതിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.











