തിരുവനന്തപുരം : ആൺകുട്ടിയെന്ന് കരുതി വിദ്യാർത്ഥിനിക്ക് ക്രൂരമർദ്ദനം. ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ആണ് നാലംഗ സംഘം ചേർന്ന് മർദ്ദിച്ചത്. ബൈക്കുകളിൽ എത്തിയ സംഘം പെൺകുട്ടിയെ കടന്നുപിടിച്ച് മർദ്ദിക്കുകയായിരുന്നു.
ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയവരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പെൺകുട്ടിയുടെ ചെവിക്ക് പരിക്കുണ്ട്.
ബൈക്കിലെത്തിയ സംഘം ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് കുട്ടിയുമായി തർക്കമുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. പിന്നീടാണ് പെൺകുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്. ഉടൻതന്നെ ഇവർ ബൈക്കുമായി കടന്നു കളഞ്ഞു.
സംഭവത്തിൽ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.












