ഒറ്റപ്പാലം: ആവശ്യത്തിന് പരിചരണം ലഭിക്കുന്നില്ലെന്ന വയോധികയുടെ പരാതിയിൽ സർക്കാർ ജീവനക്കാരിയായ മരുമകൾക്കെതിരെ നടപടി. വയോധികയുടെ ഇളയമകന്റെ ഭാര്യയ്‌ക്കെതിരെയാണ് ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണലിന്റെ നടപടി. പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരിയായ മരുമകളുടെ ശമ്പളത്തിൽ നിന്ന് ജീവനാംശം ഈടാക്കാൻ സബ് കളക്ടർ ഡി.ധർമലശ്രീ അധ്യക്ഷയായ ട്രിബ്യൂണൽ ഉത്തരവിട്ടു. മരുമകളുടെ ശമ്പളത്തിൽ നിന്ന് 3000 രൂപ വീതം ഈടാക്കി എൺപത്തിയേഴുകാരിയായ വയോധികയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഇവർ ജോലി ചെയ്യുന്ന പഞ്ചായത്തിലെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ വ്യക്തമാക്കുന്നു. തറവാട്ടിൽ നിന്ന് 30 ദിവസത്തിനികം മരുമകൾ മാറിത്താമസിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ചളവറ സ്വദേശിയായ അമ്മയുടെ സർക്കാർ ഉദ്യോഗസ്ഥനായ ഇളയമകൻ 10 വർഷം മുൻപാണ് മരിച്ചത്. പിന്നീട് ആശ്രിത നിയമനം വഴി ഭാര്യയ്ക്ക് ജോലി ലഭിച്ചു. പരാതിക്കാരിയായ അമ്മയും മരമകളും തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. മരുമകൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും വീട്ടുപകരണങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്നും, മറ്റ് മക്കൾ വന്ന് കാണുന്നതിന് തടസ്സം നിൽക്കുന്നുവെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.
2018ലും 2019ലും സമാനമായ പരാതി നൽകി അനുകൂല ഉത്തരവ് നേടിയിരുന്നെങ്കിലും ഇവ പാലിക്കപ്പെട്ടില്ലെന്നാണ് പരാതി. പിന്നീട് 20121ൽ വീണ്ടും പരാതി നൽകി. ട്രിബ്യൂണൽ ജീവനക്കാർ ഇവരുടെ വീട്ടിൽ സന്ദർശനം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞതായി ഉത്തരവിൽ പറയുന്നു. പരാതിക്കാരിയുടെ പ്രായവും മറ്റ് മക്കളുടെ വീട്ടിൽ മതിയായ സൗകര്യങ്ങളില്ലെന്നതും പരിഗണിച്ചാണ് തറവാട്ടിൽ തന്നെ അവരെ നിർത്താനും മകന്റെ ഭാര്യയോട് മാറിത്താമസിക്കാനും നിർദ്ദേശിച്ചത്. മൂത്ത മകനോട് ദിവസവും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കാനും വിദേശത്തുള്ള മറ്റൊരു മകന്റെ ഭാര്യയോട് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കാനും ട്രിബ്യൂണൽ നിർദ്ദേശം നൽകി.












