തൃശൂർ: ഈസ്റ്റർ നയതന്ത്രത്തിന് മൂർച്ച കൂട്ടി ബിജെപി. കേരളത്തിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ആർച്ച് ബിഷപ്പിനൊപ്പം കേന്ദ്രമന്ത്രി ഉച്ചഭക്ഷണവും കഴിച്ചു. കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് കൂടിയാണ് മാർ ആൻഡ്രൂസ് താഴത്ത്. കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടിരുന്നു. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം അടക്കമുളള കാര്യങ്ങൾ അന്ന് ചർച്ചയായിരുന്നു.
വൈകിട്ട് പല്ലിശ്ശേരിയിൽ അർബുദബാധ നേരത്തെ കണ്ടെത്താൻ ലക്ഷ്യമിട്ടുളള ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയുടെ തറക്കല്ലിടലും കേന്ദ്രമന്ത്രി നിർവ്വഹിച്ചു. സബ് കാ സാത്ത് സബ് കാ വികാസ് എന്ന ലക്ഷ്യത്തോടെ എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തുകയാണ് സർക്കാർ. ഭാവിയിൽ ഇതിന്റെ തുടർ ചർച്ചകൾ നടക്കും. അങ്ങനെ മാത്രമേ പ്രശ്‌നങ്ങൾ പരിഹരിക്കാനാകൂ. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്യാതെ എങ്ങനെയാണ് പ്രശ്‌നങ്ങൾ പരിഹരിക്കാനാകുക എന്ന് ജോൺ ബർല ചോദിച്ചു.
ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലും ബിഷപ്പ് ഹൗസുകളിലും ബിജെപി നേതാക്കളും പ്രവർത്തകരും നടത്തിയ സമ്പർക്കം ഇടത്- വലത് മുന്നണികൾ വിവാദമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ വിഷുദിനത്തിൽ സഭാ പുരോഹിതരെ ബിജെപി നേതാക്കൾ വീട്ടിലേക്ക് ക്ഷണിച്ച് ഒരുമിച്ച് വിഷു ആഘോഷിക്കുകയും കൈ നീട്ടവും വിഷുക്കോടിയും നൽകുകയും ചെയ്തു.
ഇതിന്റെ പേരിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. ബിജെപി ക്രൈസ്തവ വിശ്വാസികളുമായി അടുക്കുന്നത് തടയാനാണ് ഇടത് -വലത് മുന്നണികളുടെ നീക്കം. അതിനിടെയാണ് കേന്ദ്രസഹമന്ത്രി ഉൾപ്പെടെയുളളവർ ബിജെപിയുടെ ഈസ്റ്റർ നയതന്ത്രത്തിന്റെ തുടർച്ചയായി കേരളത്തിലെത്തിയത്.











