കുളത്തൂപ്പുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകീട്ട് ആറുമണിയോടെ കോഴിത്തോട് മൂന്നുമുക്കിന് സമീപത്ത് കുളത്തൂപ്പുഴയാണ് സംഭവം. വിവിധഭാഷാ തൊഴിലാളിയെയാണ് നാട്ടുകാർ പിടികൂടിയത്.
മൂന്നുമുക്ക് സ്വദേശി രതീഷിന്റെ മകൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ, അടുത്തെത്തിയ യുവാവ് കുട്ടിയെ കടന്നുപിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രതീഷ് ബഹളം വച്ചതോടെ യുവാവ് ഓടിയകന്നു. തുടർന്ന് നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
30 വയസ്സുവരുന്ന, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിൽ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കൽ പരിശോധന നടത്തിയശേഷം തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി കുളത്തൂപ്പുഴ പോലീസ് വ്യക്തമാക്കി.











