മണ്ണാർക്കാട് : ഡിവൈഎഫ്ഐ നേതാവ് ചികിത്സാ സഹായ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തച്ചമ്പാറ എൽസി അംഗവുമായ ഷാജ് മോഹനെതിരെയാണ് പരാതി. സിപിഎം അനുഭാവിയായ തച്ചമ്പാറ കമ്പികുന്ന് കുമാരനാണ് സിപിഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി, ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിവർക്ക് രേഖാമൂലം പരാതി നൽകിയത്.
കുമാരന്റെ മകൾ അശ്വതിക്ക് 2020 ഡിസംബർ 10 ഗുരുതര പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ ഡിസംബർ 19ന് മരണപ്പെട്ടു. മകളുടെ ചികിത്സയ്ക്ക് വേണ്ടിയെന്ന് പറഞ്ഞ് ഷാജ് മോഹന്റെ നേതൃത്വത്തിൽ പലരിൽ നിന്നായി പണപ്പിരിവ് നടത്തി. എന്നാൽ ഇതിൽ നിന്ന് മകളുടെ ചികിത്സയ്ക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്നാണ് പരാതി. ഇക്കാര്യം തന്നെയോ തന്റെ കുടുംബത്തെയോ അറിയിച്ചിട്ടില്ലെന്നും പരാതിപ്പെട്ടിട്ടുണ്ട്.
എന്നാൽ പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ലെന്നും പരാതിപ്പെട്ടിട്ടുണ്ട്.











